; )
യുഎഇയില്‍ വെച്ച് നടക്കുന്ന ടി20 ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും തങ്ങള്‍ ലക്ഷ്യം വെക്കുന്നില്ല എന്ന് വ്യക്തമാക്കുന്ന നീക്കങ്ങളുമായി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇതിനായില്‍ അഫ്ഗാനിസ്താന്‍ ടി20 ടീമിന്റെ ക്യാപ്റ്റനായി സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനെ നിയമിച്ചിരിക്കുകയാണ്. അഫ്ഗാന്‍ നിരയില്‍ ഏറ്റവും അനുഭവ സമ്പത്തുളള താരമാണ് റാഷിദ് ഖാന്‍.
യുഎഇ, ഒമാന്‍ എന്നീവിടങ്ങിലായി ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ് റാഷിദിനെ അഫ്ഗാന്‍ ദൗത്യമേല്‍പ്പിച്ചിരിക്കുന്നത്. നജീബുള്ള സദ്രാനാണ് അഫ്ഗാന്‍ ടി20 ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍.
ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്നും നായകസ്ഥാനം തന്റെ പ്രകടനത്തെ ബാധിക്കുമോയെന്നു ഭയപ്പെടുന്നതായും അടുത്തിടെ റാഷിദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ടി20 ക്യാപ്റ്റനായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചിരിക്കുന്നത്.
ഒരു മാസത്തിനിടെ അഫ്ഗാന്‍ ടി20 ടീമിന്റെ രണ്ടാമത്തെ നായകനാണ് റാഷിദ്. കഴിഞ്ഞ മാസം ഹഷ്മത്തുള്ള അഫ്രീഡിയെ ടി20 നായകനാക്കുകയും റാഷിദിനെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഇപ്പോള്‍ എസിബി വീണ്ടും ക്യാപ്റ്റന്‍സിയില്‍ അഴിച്ചുപണി നടത്തിയിരിക്കുന്നത്.
ഒരു ക്യാപ്റ്റന്‍ തന്റെ ടീമിനെപ്പോലെ മികച്ചവനായിരിക്കണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അഫ്ഗാനിസ്താന്റെ പതാകയാണ് എനിക്കു റാഷിദ് ഖാനെന്ന പേര് നല്‍കിയത്. അതുകൊണ്ടു തന്നെ രാജ്യത്തെയും ടീമിനെയും സേവിക്കേണ്ടത് എന്റെ ചുമതലയാണ്. എന്നില്‍ വിശ്വാസമര്‍പ്പിച്ച എസിബി ഒഫീഷ്യല്‍സിനു നന്ദി. ഇതൊരു സ്വപ്നതുല്യമായ യാത്രയാണ്. എന്റെ ആരാധകരുടെ പിന്തുണ പ്രധാനമാണ് എന്നായിരുന്നു നായകസ്ഥാനം ഏറ്റെടുത്തതിനെക്കുറിച്ച് റാഷിദ് ട്വിറ്ററില്‍ കുറിച്ചത്.