റാഫേൽ വരാനെ വിരമിക്കൽ പ്രഖ്യാപിക്കും, ഫ്രാൻസ് ആരാധകർക്ക് ഞെട്ടിക്കുന്ന വാർത്ത

റയൽ മാഡ്രിഡിന്റെയും ഫ്രാൻസിന്റെയും ഇതിഹാസതാരവും സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളുമായ റാഫേൽ വരാനെ ഫ്രാൻസ് ദേശീയ ടീമിൽ നിന്നും വിരമിക്കാൻ പോവുകയാണെന്നു റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന താരം ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വിട്ടത്.

ക്ലബ് തലത്തിലും ദേശീയ തലത്തിലും സുപ്രധാന നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് റാഫേൽ വരാനെ. റയൽ മാഡ്രിഡിനൊപ്പം നാല് ചാമ്പ്യൻസ് ലീഗിനു പുറമെ ലീഗും ഒട്ടനവധി നേട്ടങ്ങളും സ്വന്തമാക്കിയിട്ടുള്ള താരം ഫ്രാൻസിനൊപ്പം 2018 ലോകകപ്പിൽ കിരീടവും സ്വന്തമാക്കി. ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കുമ്പോൾ ടീമുകളുടെ പ്രധാന പ്രതിരോധതാരം വരാനെയായിരുന്നു.

ഇരുപത്തിയൊമ്പതാം വയസിൽ താരം വിരമിക്കൽ പ്രഖ്യാപിച്ചതിന്റെ കാരണം പരിക്കുകൾ കൂടുതൽ വരാൻ തുടങ്ങിയതു കൊണ്ടാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പുറമെ മാനസികമായ അസ്വസ്ഥതകളും താരത്തിനുണ്ട്. ദേശീയ ടീമിനൊപ്പം കളിക്കുന്ന സമയം കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാമെന്ന് വരാനെ കരുതുന്നു. ഈ സീസണിൽ പരിക്കേറ്റത് ഭേദമാകാൻ സമയമെടുത്തതും താരത്തിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് അനുമാനിക്കുന്നത്.

ഈ സീസണിൽ പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പ് നഷ്‌ടമാകുമെന്ന് കരുതിയെങ്കിലും താരം ഫ്രാൻസ് ടീമിൽ ഉണ്ടായിരുന്നു. തുടർച്ചയായ രണ്ടാമത്തെ ലോകകപ്പ് ഫൈനലിലേക്ക് ഫ്രാൻസിനെ നയിക്കാനും താരത്തിന് കഴിഞ്ഞു. എന്നാൽ തുടർച്ചയായ രണ്ടാം കിരീടമെന്ന സ്വപ്‌നം നേടാൻ താരത്തിന് കഴിഞ്ഞില്ല. 2024 യൂറോ കപ്പിലും ഫ്രാൻസിനെ നയിക്കാൻ വരാനെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വിരമിക്കൽ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

You Might Also Like