വത്സലിനും സെഞ്ച്വറി, ശ്രീശാന്തിന് ബാറ്റിംഗും അറിയാം, കേരളത്തിന് കൂറ്റന്‍ ലീഡ്, മേഘലയ തകര്‍ന്ന് തുടങ്ങി

Image 3
CricketCricket News

രഞ്ജി ട്രോഫിയില്‍ മേഘാലയക്കെതിരെ കേരളത്തിന് കൂറ്റന്‍ ലീഡ്. 357 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ കേരളം ഒന്‍പത് വിക്കറ്റിന് 505 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മേഘലയക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മേഘലയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സ് എന്ന നിലയിലാണ്. മനു കൃഷ്ണയ്ക്കാണ് വിക്കറ്റ്.

എട്ടിന് 454 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ കേരളം 51 റണ്‍സാണ് അതിവേഗം കൂട്ടിച്ചേര്‍ത്തത്. വത്സല്‍ 193 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 106 റണ്‍സാണ് എടുത്തത്. ശ്രീശാന്ത് ഉറച്ച പിന്തുണ നല്‍കി. 43 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 19 റണ്‍സാണ് ശ്രീ അടിച്ചെടുത്തത്. ശ്രീശന്തിന്റെ വിക്കറ്റ് വീണതോടെ കേരളം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

നേരത്തെ കേരളത്തിനായി രാഹുല്‍ പിയും രോഹന്‍ എസ് കുന്നുമ്മലും സെഞ്ച്വറി നേടിയിരുന്നു. സച്ചിന്‍ ബേബി അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.

മേഘാലയ ആദ്യ ഇന്നിംഗ്‌സില്‍ 148 റണ്‍സിനാണ് പുറത്തായത്. കേരളത്തിനായി അരങ്ങേറ്റ താരം എയ്ഡന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.