മറ്റൊരു ക്ലബിനെ കൂടി സ്വന്തമാക്കി രഞ്ജിത്ത് ബജാജ്

Image 3
Football

ഇന്ത്യന്‍ ഫുട്‌ബോളില്‍ ശ്രദ്ധേയ ഇടപെടലുകള്‍ നടത്തുന്ന മിനര്‍വ്വ പഞ്ചാബ് ഉടമ രഞ്ജിത്ത് ബജാജ് മറ്റൊരു ക്ലബിനെ കൂടി ഏറ്റെടുത്തു. തലസ്ഥാന നഗരത്തില്‍ നിന്നുളള ക്ലബായ ഡല്‍ഹി ഫുട്‌ബോള്‍ ക്ലബിനേയാണ് (ഡിഎഫ്ജി) രഞ്ജിത്ത് ബജാജ് സ്വന്തമാക്കിയിരിക്കുന്നത്.

ഡല്‍ഹിയുടെ ഫുട്‌ബോള്‍ പരാമ്പര്യത്തെ തിരിച്ച് കൊണ്ട് വരാന് ഉദ്ദേശിച്ചാണ് ഡല്‍ഹി ഫുട്‌ബോള്‍ ക്ലബിനെ സ്വന്തമാക്കിയതെന്നാണ് രഞ്ജിത്ത് ബജാജ് അവകാശപ്പെടുന്നത്. മിനര്‍വ്വയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് ഡല്‍ഹിയില്‍ നിന്ന് ധാരാളം യുവതാരങ്ങളെ കണ്ടെത്തുമെന്നും ബജാജ് പറയുന്നു.

ഇന്ത്യയുടെ ടോപ് ഡിവിഷന്‍ ലീഗുകളിലൊന്നും ഡല്‍ഹിയില്‍ നിന്നുളള ഒരു ക്ലബ് പോലും ഇല്ല. ഇത് പരിഹരിക്കാന്‍ കൂടിയാണ് ഡല്‍ഹി ക്ലബിനെ രഞ്ജിത്ത് ബജാജ് അറ്റെടുത്തിരിക്കുന്നത്. ആദ്യം പ്രദേശിക ലീഗിലും ശേഷം സെക്കന്‍ഡ് ഡിവിഷന്‍ ഐലീഗിലും കളിക്കാനാണ് ഡല്‍ഹി ഫുട്‌ബോള്‍ ക്ലബ് ആലോചിക്കുന്നത്.

നിലവില്‍ ഫുട്‌ബോള്‍ ക്ലബ് പ്രവര്‍ത്തിക്കാനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് ആദ്യം ഡല്‍ഹി ഫുട്‌ബോള്‍ ക്ലബ് ലക്ഷ്യമിടുന്നത്. അതോടൊപ്പം യുവതാരങ്ങളെ കണ്ടെത്തുന്നതിനുളള ക്യാമ്പുകളും സംഘടിപ്പിക്കും. സുനില്‍ ഛേത്രിയെ പോലുളള താരങ്ങളെ സംഭാവന ചെയ്ത ഡല്‍ഹി അതിന്റെ പാരമ്പര്യത്തിലേക്കുളള തിരിച്ച് പോക്കായാണ് ക്ലബിന്റെ പ്രവര്‍ത്തനം കൊണ്ട്് ഉദ്ദേശിക്കുന്നതെന്നാണ് സംഘാടകര്‍ പറയുന്നത്.