രഞ്ജിയിലും ഷാറൂഖ് ഷോ, ഇരട്ട സെഞ്ച്വറിയുടെ കനമുളള വെടിക്കെട്ട് സെഞ്ച്വറി

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനല്‍ ഷാറൂഖ് ഖാന്‍ രഞ്ജിയിലും ബാറ്റ് കൊണ്ട് തീപ്പൊരി പാറിച്ചിരിക്കുകയാണ്. വെടിക്കെട്ട് സെഞ്ച്വറിയാണ് ഇത്തവണ തമിഴ്‌നാടിനായി ഷാറൂഖ് ഖാന്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഷാരൂഖ് ഖാന്റെയും ബാബാ ഇന്ദ്രജിത്തിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ തമിഴ്‌നാട് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി. ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 452 റണ്‍സിന് മറുപടിയായി മൂന്നാം ദിനം തമിഴ്നാട് 494 റണ്‍സിന് ഓള്‍ ഔട്ടായി.
148 പന്തില്‍ 20 ബൗണ്ടറിയും പത്ത് സിക്‌സും പറത്തി 194 റണ്‍സാണ് ഷാറൂഖ് അടിച്ചെടുത്തത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന തമിഴ്നാടിന്റെ ടോപ് സ്‌കോററാകാനും ഷാറൂഖിന് ആയി. ബാബാ ഇന്ദ്രജിത്ത് 149 പന്തില്‍ 117 റണ്‍സെടുത്ത പുറത്തായി. ഡല്‍ഹിക്കായി ഇടംകൈയന്‍ സ്പിന്നര്‍ വികാസ് മിശ്ര ആറ് വിക്കറ്റുമായി തിളങ്ങി.
കേവലം 89 പന്തിലാണ് ഷാറൂഖ് സെഞ്ച്വറിയിലെത്തിയത്. ഡബിള്‍ സെഞ്ച്വറിയോട് അടുത്തപ്പോഴാണ് നിര്‍ഭാഗ്യകരമായി പുറത്തായത്. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ഒമ്പത് കോടി രൂപ മുടക്കിയാണ് ഷാരൂഖിനെ പഞ്ചാബ് കിംഗ്‌സ് ടീമിലെടുത്തത്. ചെന്നൈ സൂപ്പര്‍ കിംഗിന്റെ കടുത്ത ഭീഷണി അതിജീവിച്ചാണ് കിംഗ്‌സ് പഞ്ചാബ് ഷാരൂഖിനെ നിലനില്‍ത്തിയത്.
അതെസമയം മറ്റൊരു പോരാട്ടത്തില്‍ മുംബൈക്കെതിരെ ബാറ്റിംഗിനിറങ്ങിയ ചേതേശ്വര്‍ പൂജാര പുജ്യനായി പുറത്തായി. മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 544 റണ്‍സിന് മറുപടിയായി 220 റണ്‍സിന് ഓള്‍ ഔട്ടായി ഫോളോ ഓണ്‍ ചെയ്ത സൗരാഷ്ട്ര മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 105 റണ്‍സെടുത്തിട്ടുണ്ട്. 39 റണ്‍സോടെ ദേശായിയും 64 റണ്‍സോടെ സ്‌നെല്‍ പട്ടേലും ക്രീസില്‍.
നേരത്തെ മുംബൈക്കായി അജിങ്ക്യാ രഹാനെ സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്ന് രഹാനെയും പൂജാരയെയും സെലക്ടര്‍മാര്‍ ഒഴിവാക്കിയിരുന്നു.