സമനില തെറ്റിയില്ലെങ്കില്‍ കേരളം സെമിയില്‍, രഞ്ജിയില്‍ മരണ ബുധന്‍

Image 3
CricketCricket NewsFeatured

രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 399 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന് കേരളത്തിന് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലാണ്.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (19), അക്ഷയ് ചന്ദ്രന്‍ (32) എന്നിവരാണ് ക്രീസില്‍. ഒരു ദിനവും എട്ട് വിക്കറ്റും ശേഷിക്കെ 299 റണ്‍സ് പിറകിലാണ് കേരളം. ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്‍സിന്റെ നിര്‍ണ്ണായക ലീഡ് നേടാനായെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ ബൗളര്‍മാറുടെ ഫോം മങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്.

പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സ് കശ്മീര്‍ ഒമ്പതിന് 399 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സമനില പിടിച്ചാല്‍ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് സെമി ഫൈനല്‍ കളിക്കാനാവും. എന്നാല്‍ ഒരു ദിനം മുഴുവന്‍ ബാറ്റ് ചെയ്യേണ്ടത് കേരളത്തിന് വെല്ലുവിളിയാണ്.

ക്യാപ്റ്റന്‍ പരസ് ദോഗ്രയുടെ സെഞ്ചുറിയാണ് (132) സെഞ്ചുറിയാണ് ജമ്മുവിന് വലിയ ലീഡ് സമ്മാനിച്ചത്. കനയ്യ വധാവന്‍ (64), സഹില്‍ ലോത്ര (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിന് വേണ്ടി നിധീഷ് എം ഡി നാല് വിക്കറ്റ് വീഴ്ത്തി. ബേസില്‍ എന്‍ പി, ആദിത്യ സര്‍വാതെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഒന്നാം ഇന്നിംഗ്സില്‍ ജമ്മുവിന്റെ 280 റണ്‍സിനെതിരെ സല്‍മാന്‍ നിസാറിന്റെ (പുറത്താവാതെ 112) സെഞ്ചുറിയാണ് കേരളത്തിന് ഒരു റണ്‍ ലീഡ് സമ്മാനിച്ചത്.

അ്‌തെസയമം വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒരറ്റത്ത് അക്ഷയ് കനത്ത പ്രതിരോധം തീര്‍ത്തപ്പോള്‍ രോഹന്‍ കുന്നുമ്മല്‍ (36) സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശി. സ്‌കോര്‍ബോര്‍ഡില്‍ 54 റണ്‍സുള്ളപ്പോള്‍ കൂട്ടുകെട്ട് പൊളിഞ്ഞു. രോഹനെ യുധ്വീര്‍ സിംഗ് പുറത്താക്കി. മൂന്നാമതായി ക്രീസിലെത്തിയ ഷോണ്‍ റോജര്‍ക്ക് അധികദൂരം മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ആറ് റണ്‍സെടുത്ത ഷോണിനേയും യുധ്വീര്‍ മടക്കുകയായിരുന്നു.

പിന്നാലെ അക്ഷയ്ക്കൊപ്പം ചേര്‍ന്ന് സച്ചിന്‍ ബേബി കൂടുതല്‍ നഷ്ടങ്ങളില്ലാതെ മുന്നേറി. കനത്ത പ്രതിരോധമാണ് ഇരുവരും തീര്‍ത്തിരിക്കുന്നത്. എന്നാല്‍ അഞ്ചാം ദിസവം കൂടി അതിജീവിക്കണമെന്ന് മാത്രം. നാളെ ഒരു ദിവസം കേരളത്തിന് ഏറെ നിര്‍ണായകമാണ്.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in