ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി, രഞ്ജിയില്‍ വെടിക്കെട്ടുമായി ഞെട്ടിച്ച് പൂജാര

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ചേതേശ്വര്‍ പൂജാര. മുംബൈയ്‌ക്കെതിരെ സൗരാഷ്ട്രയ്ക്കായി രണ്ടാം ഇന്നിംഗ്‌സില്‍ 83 പന്തില്‍ 91 റണ്‍സെടുത്താണ് പുജാര പുറത്തായത്. 16 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് പുജാര 91 റണ്‍സെടുത്തത്. സൗരാഷ്ട്രയുടെ ആദ്യ ഇന്നിംഗ്‌സില്‍ പുജാര പൂജ്യത്തിന് പുറത്തായിരുന്നു.
മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 544 റണ്‍സിന് മറുപടിയായി ഫോളോ ഓണ്‍ ചെയ്ത സൗരാഷ്ട്ര അവസാന ദിനം 9 വിക്കറ്റ് നഷ്ടത്തില്‍ 372 റണ്‍സടിച്ച് മത്സരം ആവേശ സമനില പിടിച്ചു.
പൂജാരക്ക് പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ സ്‌നെല്‍ പട്ടേലും(98) സൗരാഷ്ട്രക്കായി ബാറ്റിംഗില്‍ തിളങ്ങി. സൗരാഷ്ട്ര ടീമില്‍ പൂജാര മാത്രമാണ് 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തത് എന്നതാണ് ഏറെ രസകരം.
കഴിഞ്ഞ ദിവസം പുജാരയെയും രഹാനെയെയും സാഹയേയും ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത്. രഞ്ജി ട്രോഫി ഉള്‍പ്പടെയുള്ള ആഭ്യന്തര മത്സരങ്ങളില്‍ കളിച്ച് ഫോം വീണ്ടെടുക്കാന്‍ സെലക്ടര്‍മാര്‍ ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. സൗരാഷ്ട്രയ്‌ക്കെതിരെ ആദ്യ ഇന്നിംഗ്‌സില്‍ രഹാനെ സെഞ്ച്വറി നേടിയിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറ മാറ്റത്തിന്റെ ഭാഗമായി കൂടിയാണ് രഹാനെയെയും പൂജാരയെയും സെലക്ടര്‍മാര്‍ ഒഴിവാക്കിയത്. രഹാനെക്കും പൂജാരക്കും പകരം ശ്രേയസ് അയ്യര്‍ക്കും ഹനുമാ വിഹാരിക്കുമാണ് സെലക്ടര്‍മാര്‍ മധ്യനിരയില്‍ ഇടം നല്‍കിയത്. പരിക്കുമൂലം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്ലിനെ ടീമിലെടുക്കുകയും ചെയ്തു.