ശ്രീശാന്ത് ടീമിനൊപ്പം ചേര്‍ന്നു, ഒരുങ്ങി തന്നെ ഇന്ത്യന്‍ താരം
ഐപിഎല്ലിലെ താരലേലത്തിന്റെ അന്തിമ പട്ടികയില്‍ ഇടംപിടിച്ച മലയാളി പേസര്‍ എസ് ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്നു. ആലപ്പുഴയിലെ രഞ്ജി ട്രോഫി ക്യാമ്പില്‍ ശ്രീശാന്ത് കഴിഞ്ഞ ദിവസമാണ് എത്തിയത്. ഈ മാസം 17നാണ് കേരളത്തിന്റെ ആദ്യ മത്സരം.
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം എലീറ്റ് ഗ്രൂപ്പ് എയില്‍ ആണ്. ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ ടീമുകളാണ് കേരളത്തിന്റെ എതിരാളികള്‍. മത്സരങ്ങള്‍ രാജ്‌കോട്ടില്‍ നടക്കും.
ഗ്രൂപ്പ് ജേതാക്കള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ഒന്‍പത് വേദികളിലായി 38 ടീമുകള്‍ ഇക്കുറി മാറ്റുരയ്ക്കും. നാല് ടീമുകളുളള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് പ്രാഥമിക ഘട്ടത്തില്‍.
2013ലാണ് മലയാളി പേസര്‍ എസ് ശ്രീശാന്ത് അവസാനമായി ഐപിഎല്‍ കളിച്ചത്. രാജസ്ഥാന്‍ റോയല്‍സിനായിട്ടായിരുന്നു കളിച്ചിരുന്നു. എന്നാല്‍ ആ സീസണില്‍ സ്പോട്ട് ഫിക്സിംഗ് വിവാദത്തില്‍ കുടുങ്ങിയ ശ്രീശാന്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തി. പിന്നീട് നടത്തിയ നിയമ പോരാട്ടത്തിന് ശേഷം 2020ലാണ് അദ്ദേഹത്തിന് നീതി ലഭിച്ചത്.
ഐപിഎല്‍ താരലേലത്തില്‍ ഇക്കുറി 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള എസ് ശ്രീശാന്താണ് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള രണ്ടാമത്തെ താരമാണ്. എന്നാല്‍ 38കാരനായ ശ്രീശാന്തിനെ ഏതെങ്കിലും ടീം പരിഗണിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.