ഒടുവിൽ പെരെസ് വിജയിച്ചു,ചരിത്രം ബാക്കിയാക്കി നായകൻ റാമോസ് പടിയിറങ്ങി

റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച പ്രതിരോധനിരക്കാരിൽ ഒരാളായ സെർജിയോ റാമോസ് റയൽ മാഡ്രിഡിൽ നിന്നും പടിയിറങ്ങി. റയൽ മാഡ്രിഡ്‌ നൽകിയ പുതിയ ഓഫർ തിരസ്കരിച്ചു കൊണ്ട് പുതിയ വെല്ലുവിളികൾ സ്വീകരിക്കാൻ റാമോസ് തീരുമാനിക്കുകയായിരുന്നു.

വേതനത്തിൽ പത്തു ശതമാനം കിഴിവോടെ റയൽ മാഡ്രിഡ്‌ മുന്നോട്ടു വെച്ച ഓഫർ അനവധി തവണ റാമോസ് നിരാകരിച്ചിരുന്നു. നിലവിലെ വേതനത്തിൽ തന്നെ രണ്ടു വർഷത്തേക്കുള്ള കരാറാണ് റാമോസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പ്രസിഡന്റ് പെരെസ് നൽകിയ ഓഫറിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു.

എന്നാൽ പരിക്കു പറ്റി പുറത്തിരുന്നത്തോടെ റാമോസ് തന്റെ ആവശ്യത്തിൽ അയവു വരുത്തിയിരുന്നു. അവസാന നിമിഷം വരെ താരം റയൽ മാഡ്രിഡ് 2 വർഷത്തെ ഓഫർ നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പെരെസിന്റെ ഭാഗത്തു നിന്നും നീക്കുപോക്കുകൾ ഉണ്ടാവാതെ പോവുകയായിരുന്നു.

30 വയസ്സിനു മുകളിൽ ഉള്ള താരങ്ങൾ ഒരു വർഷത്തേക്ക് മാത്രം എന്ന റയൽ മാഡ്രിഡ്‌ ട്രാൻസ്ഫർ പോളിസിയിൽ തന്നെ പെരെസ് ഉറച്ചു നിൽക്കുകയായിരുന്നു. നാലു ചാമ്പ്യൻസ്‌ലീഗ് കിരീടങ്ങൾ നേടിയ താരം മൊത്തം 22 കിരീടങ്ങൾ റയലിനൊപ്പം നേടിയിട്ടുണ്ട്. 16 വർഷത്തെ കരിയറിൽ 671 മത്സരങ്ങളിൽ ബൂട്ടുകെട്ടുകയും 101 ഗോളുകളും നേടിയിട്ടുണ്ട്. റാമോസ് റയൽ വിട്ടതോടെ യൂറോപ്പിലെ തന്നെ വമ്പന്മാർ താരത്തിനു പിന്നാലെ കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

You Might Also Like