എന്നെ വലിച്ചിടുകയായിരുന്നു, ക്ലാസിക്കോയിലെ വിവാദ പെനാൽറ്റി തീരുമാനത്തേക്കുറിച്ച് റാമോസ് പറയുന്നു.

ബാഴ്സലോണയുടെ  തട്ടകത്തിൽ വെച്ചു നടന്ന ഇത്തവണത്തെ  ആദ്യ എൽ ക്ലാസിക്കോയിൽ  ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മികച്ച വിജയം നേടിഎടുത്തിരിക്കുകയാണ് റയൽ മാഡ്രിഡ്‌. ഇതോടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തോൽവിക്കു വലിയ വിമർശനങ്ങൾ ലഭിച്ച സിദാനും സംഘത്തിനും വലിയ ആശ്വാസമാണ് ഈ വിജയം നൽകിയിരിക്കുന്നത്.

റയൽ മാഡ്രിഡിനായി ഫെഡേ വാൽവെർദെ, സെർജിയോ റാമോസ്, ലൂക്ക മോഡ്രിച് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ബാഴ്സയുടെ ഏക ഗോൾ നേടിയത്  കൗമാരതാരം അൻസു ഫാറ്റിയായിരുന്നു. വിജയം റയൽ മാഡ്രിഡ് നേടിയെടുത്തെങ്കിലും റയലിനു ലഭിച്ച പെനാൽറ്റിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. രണ്ടാം  ഗോളിനാധാരമായ ലെങ്ലറ്റിന്റെ ഫൗളിന് പെനാൽറ്റി നൽകിയത് വിവാദപരമാണെന്നാണ് ആരോപണം.

എന്നാൽ  റഫറിയുടെ തീരുമാനത്തിന് പിന്തുണയായി  റാമോസ്  തന്നെ രംഗത്തെത്തുകയായിരുന്നു.  റഫറി മാർട്ടിനെസ് മുനുവേര ശരിയായ തീരുമാനമാണെടുത്തതെന്നും ലെങ്ലറ്റ് തന്നെ വലിച്ചിടുകയായിരുന്നുവെന്നുമാണ് റാമോസ് ചൂണ്ടിക്കാണിച്ചത്. ശരിയായ തീരുമാനമെടുത്തതിന് റഫറിയെ കുറ്റം പറഞ്ഞിട്ടുകാര്യമില്ലെന്നും റാമോസ് കൂട്ടിച്ചേർത്തു.

“എനിക്ക് തോന്നുന്നത് അത് വ്യക്തമായും പെനാൽറ്റി തന്നെയാണെന്നാണ്, ഞാൻ ചാടിയപ്പോൾ അദ്ദേഹം എന്നെ വലിച്ചിടുകയായിരുന്നു. അത് വളരെ വ്യക്തമായിരുന്നു.  അതിനു റഫറിയെ കുറ്റപ്പെടുത്തുന്നത് ശരിയായ കാര്യമല്ല. 2-1 എന്ന സ്കോറിൽ എത്തിയതിനു ശേഷം ഞങ്ങൾ ശക്തമായി പ്രതിരോധിക്കുകയായിരുന്നു. അവരുടെ ആത്മവീര്യത്തിൽ ചോർച്ചയുണ്ടായപ്പോഴാണ് ഞങ്ങൾ വീണ്ടും ഗോളിനായി ശ്രമിച്ചത്.” റാമോസ് മത്സരശേഷം പറഞ്ഞു.

You Might Also Like