ചാമ്പ്യൻസ്‌ലീഗ്,എൽ ക്ലാസിക്കോ മത്സരങ്ങൾ തൊട്ടടുത്ത്, റയൽ മാഡ്രിഡിനു വൻതിരിച്ചടിയേകി സെർജിയോ റാമോസിന്റെ പരിക്ക്

ചാമ്പ്യൻസ്‌ലീഗിൽ ലിവർപൂളുമായുള്ള മത്സരങ്ങളും ലാലിഗയിൽ ബാഴ്സയ്ക്കെതിരെ എൽ ക്ലാസിക്കോയും നിലനിൽക്കെ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനു കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. പ്രതിരോധത്തിലെ വിശ്വസ്ത കാവൽക്കാരനായ സെർജിയോ റാമോസിനെ പരിക്കു മൂലം റയൽ മാഡ്രിഡിനു നഷ്ടപ്പെട്ടിരിക്കുകയാണ്. സ്പെയിനിനൊപ്പമുള്ള ഇന്റർനാഷണൽ ഡ്യൂട്ടിക്കിടെയാണ് താരത്തിനു പരിക്കേറ്റു പുറത്തു പോവേണ്ടി വരികയായിരുന്നു.

ഇടതു കാലിന്റെ താഴ്ഭാഗത്തുള്ള മസിലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്. എത്ര കാലത്തേക്ക് പുറത്തിരിക്കേണ്ടി വരുമെന്നു ക്ലബ്ബ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രധാന മത്സരങ്ങളായ ലിവർപൂളിനെതിരെ ചാമ്പ്യൻസ്‌ലീഗിലെ ഇരുപാദങ്ങളും നിർണായകമായ എൽ ക്ലാസിക്കോയും നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ച നടന്ന കോസോവോക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം അവസാനത്തോടടുക്കുമ്പോഴാണ് തനിക്ക് ഇടതു കാലിനു വേദന തോന്നുന്നുവെന്നു റാമോസ് സൂചിപ്പിക്കുന്നത്. മത്സരത്തിൽ 3-1ന്റെ മികച്ച വിജയം നേടാൻ സ്പെയിനിനു സാധിച്ചിരുന്നു. പരിക്കിന്റെ അസ്വസ്ഥതകൾ ഉള്ളതുകൊണ്ട് തന്നെ ഇന്റർനാഷണൽ മത്സരങ്ങളിൽ റാമോസിന് മിനുട്ടുകൾ കുറവായിരുന്നു. ജോർജിയക്കെതിരെ റാമോസ്‌ ഇറങ്ങാതിരുന്നപ്പോൾ സമനിലയായ ഗ്രീസിനെതിരായ മത്സരത്തിൽ ആദ്യപകുതിക്കു ശേഷം താരത്തെ പിൻവലിച്ചിരുന്നു.

എന്തായാലും പ്രധാനമത്സരങ്ങൾക്ക് മുൻപേ തന്നെ റാമോസിനെ പരിക്കു മൂലം നഷ്ടപ്പെട്ടത് സിദാനു കൂടുതൽ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിരോധത്തിൽ ഡാനി കർവഹാളും പരിക്കുമൂലം പുറത്തിരിക്കുന്ന സാഹചര്യത്തിൽ നാച്ചോയിൽ വിശ്വാസമർപ്പിക്കുകയേ സിദാനു നിവൃത്തിയുള്ളു. പരിക്കിൽ നിന്നും മുക്തനായി ഈഡൻ ഹസാർഡ് തിരിച്ചെത്തി പരിശീലനം ആരംഭിച്ചതാണ് ഏക ശുഭസൂചനയായി സിദാനു മുന്നിലുള്ളത്.

You Might Also Like