ചാമ്പ്യൻസ്‌ലീഗിലെ തോൽവി, സിദാനില്ലാതെ അടിയന്തിരയോഗം കൂടി റയൽ മാഡ്രിഡ് താരങ്ങൾ

ഷാക്തർ ഡോണെസ്കുമായി നടന്ന ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിനു രണ്ടാം വട്ടവും തോൽവി രുചിക്കേണ്ടി വന്നതോടെ ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാക്കുമായി നടക്കാനിരിക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരം വളരെ നിർണായകമായിരിക്കുകയാണ്. അതു കൊണ്ടുതന്നെ മത്സരത്തിനു മുന്നോടിയായി ട്രെയിനിങ് ഗ്രൗണ്ടായ വാൽഡെബെബാസിൽ വെച്ചു ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ നേതൃത്വത്തിൽ റയൽ മാഡ്രിഡ് താരങ്ങൾ അടിയന്തിര യോഗം ചേർന്നിരുന്നു.
റയൽ മാഡ്രിഡിന്റെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് അടുത്തയാഴ്ച നടക്കാനിരിക്കുന്ന ചാമ്പ്യൻസ്‌ലീഗ് മത്സരത്തിനായുള്ള മുന്നൊരുക്കങ്ങളെ കുറിച്ചു സംസാരിക്കാൻ കൂടിയ യോഗത്തിൽ പരിശീലകനായ സിനദിൻ സിദാൻ പങ്കെടുത്തിരുന്നില്ല. സിനദിൻ സിദാന്റെ ക്ലബ്ബിലെ സ്ഥാനത്തിനു പിന്തുണ നൽകാൻ ഒരുമിച്ചു പ്രവർത്തിക്കാനാണ് യോഗത്തിൽ സെർജിയോ റാമോസടങ്ങുന്ന പ്രമുഖതാരങ്ങൾ ആവശ്യപ്പെട്ടത്. യോഗത്തിന് ശേഷം താരങ്ങൾ പ്രസിഡന്റ് ഫ്ലോരെന്റിനോ പെരെസുമായി ഒരുമിച്ചുള്ള ഫോട്ടോയെടുക്കുകയും ചെയ്തു.
Zidane did not attend a special emergency meeting called by captain Sergio Ramos this morning…https://t.co/FCAOhZgrVc
— AS USA (@English_AS) December 3, 2020
സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം സെർജിയോ റാമോസ് സഹതാരങ്ങളോട് സീസണിന്റെ അവസാനം വരെ കൂടുതൽ ദൃഢനിശ്ചയത്തോടെ ക്ലബ്ബിനു വേണ്ടി പോരാടണമെന്ന് ആഹ്വാനം ചെയ്തുവെന്നാണ് അറിയാനാവുന്നത്. “നമ്മൾ ചാമ്പ്യൻസ്‌ലീഗിൽ നിന്നും ഒരു വിജയത്തിനു അകലെയാണുള്ളത്. നമ്മൾക്ക് ആശ്രയം നമ്മൾ മാത്രമേയുള്ളു. അതു കൊണ്ട് നമ്മൾ നമ്മളുടെ പരമാവധി നൽകേണ്ടതുണ്ട്. ഇത് റയൽ മാഡ്രിഡാണ് സുഹൃത്തുക്കളെ, ഒരുമിച്ചു നമ്മൾ മോശം അവസ്ഥയിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്.” റാമോസ് പറഞ്ഞു.
അധികം സംസാരിക്കാത്ത ലൂക്ക മോഡ്രിച്ചും തന്റെ സഹതാരങ്ങൾക്ക് മുന്നറിയിപ്പു നൽകി: ” നമുക്ക് ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. ഒപ്പം അടുത്ത കുറച്ചു മത്സരങ്ങൾ വിജയിക്കേണ്ടതുമുണ്ട്.നമുക്കത് ചെയ്യാൻ സാധിക്കും.” അടുത്ത വ്യാഴാഴ്‌ചയാണ് റയൽ മാഡ്രിഡിനു ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാക്കുമായി ചാമ്പ്യൻസ്‌ലീഗ് മത്സരമുള്ളത്. അതിനിടയിൽ ലാലിഗയിൽ സെവിയ്യയുമായും റയൽ മാഡ്രിഡിനു മത്സരമുണ്ട്.