റാമോസ് റയലിൽ നിന്നകന്നു പോവുകയാണ്, പെരെസ് നിലപാടിൽ ഉറച്ചു നിൽക്കുന്നു

റയൽ മാഡ്രിഡ്‌ പ്രതിരോധത്തിലെ സുപ്രധാന താരമാണ് ക്യാപ്റ്റൻ സെർജിയോ റാമോസ്. ഈ സീസൺ അവസാനം ക്ലബ്ബ് വിടാൻ സാധ്യതയുള്ള താരത്തിൻ്റെ കരാർ ഇതുവരെയും റയൽ മാഡ്രിഡുമായി പുതുക്കാൻ താരം തയ്യാറായിട്ടില്ല. അതിനു പിന്നിലെ പ്രധാന കാരണം വേതനത്തിലെ വെട്ടിക്കുറക്കൽ തന്നെയാണ്. നിലവിലെ വേതനത്തിൽ മാറ്റമില്ലാതെ രണ്ടു വർഷത്തേക്ക് കൂടി കരാർ പുതുക്കണമെന്നാണ് റാമോസിൻ്റെ ആവശ്യം.

എന്നാൽ കോവിഡ് മൂലവും സ്റ്റേഡിയം പുനരുദ്ധാരണവും റയൽ മാഡ്രിഡിനെ പിടിച്ചുലച്ച സാഹചര്യത്തിൽ പത്തു ശതമാനം വേതനം വെട്ടിക്കുറച്ചു മാത്രമേ പുതിയ കരാർ നൽകുകയുള്ളൂയെ ഉറച്ച തീരുമാനത്തിലാണ് പ്രസിഡൻ്റായ ഫ്ലോറൻ്റിനോ പെരസ്. ഇതു സമ്മതിക്കാൻ കൂട്ടാക്കാത്ത റാമോസ് വരുന്ന സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. സമ്മറിൽ മറ്റേതെങ്കിലും യൂറോപ്യൻ ക്ലബ്ബിലേക്ക് ചേക്കേറാനാണ് താരത്തിൻ്റെ പദ്ധതി.

റാമോസിൻ്റ വേതനം വർധിപ്പിക്കില്ലെന്ന നിലപാടിലാണ് റയൽ മാഡ്രിഡുള്ളത്. സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം സെർജിയോ റാമോസിനും നിലവിലെ മറ്റൊരു പ്രധാന താരവുമായ ലൂക്കാസ് വാസ്കസിനും മെച്ചപ്പെട്ട ഓഫറുകൾ നൽകാൻ റയൽ മാഡ്രിഡ് തയ്യാറല്ലെന്നാണ് അറിയാനാകുന്നത്.
നിലവിൽ ലൂക്കാ മോഡ്രിച്ചിനെ മാത്രമാണ് റയൽ മാഡ്രിഡ് കരാർ പുതുക്കി നിലനിർത്തിയിട്ടുള്ളൂ.

അത് പത്തു ശതമാനം വേതനം വെട്ടിക്കുറക്കാൻ താരം സമ്മതിച്ചതുകൊണ്ടു മാത്രം. വരുന്ന മാസങ്ങളിൽ എതു ക്ലബ്ബിലേക്ക് ചേക്കേറണമെന്ന് റാമോസ് ഒരു തീരുമാനത്തിലെത്തുമെന്നാണ് അറിയാനാകുന്നത്. എന്നാൽ പെരെസിൻ്റെ കണക്കുകൂട്ടലുകൾ മറ്റൊന്നാണ്. നിലവിലെ താരത്തിൻ്റെ വേതനത്തിൽ മറ്റൊരു ക്ലബ്ബിലേക്കും താരത്തിനു ഈ സാഹചര്യത്തിൽ കൂടുമാറാനാകാല്ലെന്നാണ് പെരസ് ഉറച്ചു വിശ്വസിക്കുന്നത്. അതു കൊണ്ടു തന്നെ റയലിൻ്റെ നിലവിലെ ഓഫർ സ്വീകരിച്ചു താരത്തെ റയലിൽ തന്നെ നിലനിർത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You Might Also Like