മെസിയുടെ പാത പിന്തുടർന്ന് സെർജിയോ റാമോസ്, ഇന്നു കളിക്കുന്നത് അവസാനത്തെ മത്സരം

കഴിഞ്ഞ ദിവസമാണ് ലയണൽ മെസി പിഎസ്‌ജി വിടുമെന്ന കാര്യം പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രണ്ടു വർഷമായി ക്ലബിനൊപ്പമുള്ള താരം കരാർ അവസാനിച്ചതോടെയാണ് ക്ലബ് വിടാനുള്ള തീരുമാനമെടുത്തത്. ക്ലെർമോണ്ടിനെതിരെ നടക്കുന്ന അവസാനത്തെ ലീഗ് മത്സരം ലയണൽ മെസി ഫ്രഞ്ച് ക്ലബിനായി കളിക്കുന്ന അവസാനത്തെ മത്സരമായിരിക്കും.

ലയണൽ മെസിക്കു പിന്നാലെ പിഎസ്‌ജി വിടുന്ന കാര്യം ടീമിലെ പ്രതിരോധതാരമായ സെർജിയോ റാമോസും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം റാമോസ് അറിയിച്ചത്. ലയണൽ മെസിക്കൊപ്പം വന്ന സ്‌പാനിഷ്‌ താരം ലയണൽ മെസിക്കൊപ്പം തന്നെ ക്ലബ് വിടുകയാണ്.

കരാർ അവസാനിച്ചാണ് സെർജിയോ റാമോസും ക്ലബ് വിടുന്നത്. താരത്തിന് കരാർ പുതുക്കി നൽകാത്തതാണോ അതോ കരാർ പുതുക്കാനുള്ള വാഗ്‌ദാനം നിരസിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ഇരുവർക്കും പുറമെ പിഎസ്‌ജി പരിശീലകന്റെയും അവസാന മത്സരമായിരിക്കും ഇത്. സീസൺ അവസാനിക്കുന്നതോടെ ഗാൾട്ടിയറും ക്ലബ് വിടുമെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്.

പിഎസ്‌ജി വിടുന്ന ലയണൽ മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള ശ്രമം നടത്തുകയാണ്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. അതേസമയം സെർജിയോ റാമോസ് ഇനി ഏതു ക്ലബ്ബിലേക്ക് പോകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. മിക്കവാറും ക്രിസ്റ്റ്യാനോ റൊണാള്ഡോയെപ്പോലെ സൗദി ലീഗിലേക്ക് താരം ചേക്കേറാനാണ് സാധ്യതയുള്ളത്.

You Might Also Like