കരാർ പുതുക്കുമോ? റയൽ സൂപ്പർഡിഫൻഡർ റാമോസിന് പിന്നാലെ രണ്ടു യൂറോപ്യൻ ശക്തികൾ

റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച പ്രതിരോധതാരങ്ങളിലൊരാളാണ്   സെർജിയോ റാമോസ്. പ്രതിരോധതാരമാണെങ്കിലും ഗോൾവേട്ടയിലുള്ള പ്രവീണ്യമാണ് റാമോസിനെ നിലവിലുള്ള പ്രതിരോധതാരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. അടുത്തിടെ സ്പെയിനിനായി ഗോൾവേട്ടയിൽ റെക്കോർഡിടാനും റാമോസിന് സാധിച്ചിരുന്നു.

  34കാരനായ സെർജിയോ റാമോസ് കരിയറിന്റെ അവസാനഘട്ടത്തിലാണുള്ളത്. റയലിനായി മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ഭാവിയിൽ പ്രതിരോധമികവ് കുറയാനുള്ള സാധ്യതയും റയൽ മാഡ്രിഡ്‌ പരിഗണിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ റാമോസിന് പിന്മുറക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ്‌ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു.

സെവിയ്യയുടെ ജൂൾസ് കൂണ്ടേയെയും ആർബി ലൈപ്സിഗിന്റെ ഡയോട്ട് ഉപ്പമെക്കാനോയെയുമാണ് നിലവിൽ റയലിന്റെ ലക്ഷ്യത്തിലുള്ള താരങ്ങൾ. ഈ സീസണോടു കൂടി റയലിലെ കരാർ അവസാനിക്കുമെങ്കിലും കരാർ പുതുക്കാനുള്ള ശ്രമങ്ങൾ റയലിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. കരാർ പുതുക്കാനായില്ലെങ്കിൽ റയൽ വിടാനുള്ള ശ്രമങ്ങൾ റാമോസിന്റെ ഭാഗത്തു നിന്നുമുണ്ടായേക്കും.

ഈ അവസരം മുതലെടുത്തു രണ്ടു യൂറോപ്യൻ വമ്പന്മാർ റാമോസിന് പിന്നാലെയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പാനിഷ് മാധ്യമമായ എൽ ചിരിങ്യിറ്റൊ യാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും അറബിപ്പണവുമായി പിയെസ്ജിയുമാണ് താരത്തിന്റെ കരാറിനായി മത്സരിക്കുന്നത്. റാമോസ് ക്ലബ് വിടുകയാണെങ്കിൽ കൂടുതൽ ക്ലബ്ബുകൾ രംഗത്തെത്തുന്നതിനു മുമ്പേ കരാറിലെത്താനാണ് ഇരുക്ലബ്ബുകളുടെയും നീക്കം.

You Might Also Like