മുൻ റയൽ മാഡ്രിഡ്‌ താരത്തോട് അസഭ്യവർഷം നടത്തി റാമോസ്, വീഡിയോ വൈറൽ

ഇന്റർമിലാനെതിരായ ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടാൻ സ്പാനിഷ് വമ്പൻമാർക്ക് സാധിച്ചിരുന്നു. ഇന്റർമിലാനു വേണ്ടി ലൗറ്റാരോ മാർട്ടിനസും പെരിസിച്ചും ലക്ഷ്യം കണ്ടപ്പോൾ റയലിനു വേണ്ടി ബെൻസിമയും റാമോസും റോഡ്രിഗോയുമാണ് വലചലിപ്പിച്ചത്. ഇതേ മത്സരത്തിൽ നടന്നു മറ്റൊരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

റയലിനായി രണ്ടാം ഗോൾ നേടിയ റാമോസിനെ ചുറ്റിപ്പറ്റിയാണ് ഈ സംഭവം മത്സരത്തിനിടെ അരങ്ങേറുന്നത്. മുൻ റയൽ മാഡ്രിഡ്‌ താരമായ അച്രഫ് ഹക്കിമിയുടെ മുന്നേറ്റത്തിനിടെ പെനാൽറ്റി ബോക്സിൽ വീണതാണ് സംഭവങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പെനാൽറ്റി ബോക്സിൽ വീണു നിലവിളിച്ച ഹക്കിമിയെ റാമോസ് ദേഷ്യത്തോടെ പിടിച്ചു ഉയർത്താൻ ശ്രമിക്കുകയായിരുന്നു.

ഒപ്പം താരത്തെ തെറി വിളിച്ചു ശകാരിക്കുകയും റാമോസ് ചെയ്തിരുന്നു. അതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുൻ റയൽ മാഡ്രിഡ്‌ താരമായ ഹക്കിമിയോട് ഒരു എലിയെപ്പോലെ കരയാതെ എണീറ്റുപോകാൻ റാമോസ് പറയുകയായിരുന്നു. ഒപ്പം പട്ടിയുടെ മകനേ എന്നും റാമോസ് അധിക്ഷേപിച്ചു.

ഇക്കഴിഞ്ഞ സമ്മറിലാണ് ഹക്കിമി റയൽ മാഡ്രിഡ്‌ വിട്ട് ഇന്റർ മിലാനിലേക്ക് ചേക്കേറുന്നത്. ലോണിൽ ബൊറൂസിയ ഡോർട്മുണ്ടിനു വേണ്ടിയും താരം കളിച്ചിരുന്നു. ക്യാമറയിൽ കുടുങ്ങിയ ഈ സംഭവം എന്തായാലും വൈറലായിരിക്കുകയാണ്. കാണികളില്ലാത്ത സ്റ്റേഡിയമായതിനാൽ റാമോസിന്റെ ശകാരം വ്യക്തമായി കേൾക്കാമായിരുന്നു.

You Might Also Like