വായടപ്പിച്ച ചുട്ടമറുപടികള്‍, അസാമാന്യ പ്രതിഭയ്‌ക്കൊപ്പം ലോകക്രിക്കറ്റില്‍ കൂസലില്ലായിമയുടെ ആള്‍രൂപമായിരുന്നു അവന്‍
ധനേഷ് ദാമോദരന്‍
പല തരത്തിലുള്ള ശേഖര വസ്തുക്കള്‍ സൂക്ഷിക്കുന്ന ക്രിക്കറ്റര്‍മാരെ കാണാം .എന്നാല്‍ രാംനരേഷ് റോണി സര്‍വന്‍ എന്ന ഗയാനക്കാരന്റെ ശേഖരം തലയില്‍ കെട്ടുന്ന വെള്ള നിറത്തിലും ചുവപ്പു നിറത്തിലുമുള്ള തൂവാലകളാണ് .ഹെല്‍മറ്റ് അണിയുന്നതിന് മുന്‍പ് തലയില്‍ ചുവന്ന തൂവാല കെട്ടുന്ന സര്‍വന്‍ പക്ഷെ സത്യത്തില്‍ അതൊരു വ്യത്യസ്തതയ്ക്ക് വേണ്ടി ചെയ്യാന്‍ തുടങ്ങിയതായിരുന്നില്ല.
ഹെല്‍മറ്റ് വലുതായതു കൊണ്ടും അനുയോജ്യമായ ഹെല്‍മറ്റ് കിട്ടാത്തതു കൊണ്ടും ഹെല്‍മറ്റ് കൃത്യമായി ഫിക്‌സ് ചെയ്യുന്നതിന് വേണ്ടി തുടങ്ങിയ ശീലം പക്ഷെ പിന്നീടൊരു ട്രെന്‍ഡും ട്രേഡ് മാര്‍ക്കുമായി.പിന്നീട് ആരാധകര്‍ ചുവപ്പ് ,വെള്ള തലക്കെട്ടുകള്‍ സമ്മാനങ്ങളായി അയച്ചു തുടങ്ങിയതോടെ നൂറു കണക്കിന് ബാന്‍ഡുകള്‍ സര്‍വന്റ ശേഖരത്തിലെത്തി .
സഹതാരങ്ങളായ ചന്ദര്‍പോളിനെയും നരസിംഹ ദിയോ നരൈനെയും പോലെ ബെയില്‍സ് കൊണ്ട് ഗാര്‍ഡ് മാര്‍ക്ക് ചെയ്യുന്ന സര്‍വന്റ കരിയറിലും വ്യത്യസ്തതകള്‍ കാണാം .
ടെസ്റ്റ് ക്രിക്കറ്റിന്റെ ഏറ്റവും വലിയ സൗന്ദര്യവും സങ്കീര്‍ണ്ണതയും അനിശ്ചിതത്വങ്ങളും പരീക്ഷണങ്ങളും കാണുന്നത് 4 ആം ഇന്നിങ്‌സിലാണ് .പല ഇതിഹാസങ്ങളുടെ കണക്ക് പുസ്തകങ്ങള്‍ നോക്കിയാലും 4 ആം ഇന്നിങ്ങ്‌സിലെ പ്രകടനങ്ങള്‍ മറ്റു കണക്കുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ നീതി പുലര്‍ത്താതെയും തോന്നിയേക്കാം.
നാലാം ഇന്നിങ്ങ്‌സുകളിലെ സെഞ്ചുറിക്കണക്കുകള്‍ പരിശോധിച്ചാല്‍ അത് മൊത്തം സെഞ്ച്വറികളുടെ 5.9 ശതമാനം മാത്രമാണ് വരിക. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പരീക്ഷണമായ നാലാം ഇന്നിംഗ്‌സില്‍ പിറന്ന സെഞ്ചുറികളുടെ നാലിരട്ടിയോളം വരും ഒന്നാം ഇന്നിംഗ്‌സുകളിലേയും രണ്ടാമിന്നിങ്‌സുകളിലേയും സെഞ്ചുറികള്‍ . മൂന്നാം ഇന്നിങ്ങ്‌സിലാകട്ടെ 4 ആം ഇന്നിങ്ങ്‌സിന്റെ ഇരട്ടിയോളവും . അതുകൊണ്ട് തന്നെ ഒരു ബാറ്റ്‌സ്മാന് ഏറ്റവും സംതൃപ്തി തരിക 4 ആം ഇന്നിങ്‌സ് പ്രകടനങ്ങളായിരിക്കും . അതിനു മാധുര്യം കൂടും .
ലോക ക്രിക്കറ്റില്‍ തന്നെ വെറും അഞ്ച് പേര്‍ മാത്രമാണ് 4 ആം ഇന്നിങ്ങ്‌സില്‍ 4 ഓ അതില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ളത് .യൂനിസ് ഖാന് 5 സെഞ്ചുറിയ്കളുമായി മുന്നില്‍ നില്‍ക്കുന്ന പട്ടികയെ 4 സെഞ്ചുറികളുമായി സമ്പന്നമാക്കി അണിനിരക്കുന്ന ഗവാസ്‌കറിനും ഗ്രേയിം സ്മിത്തിനും റിക്കി പോണ്ടിംഗും ഒപ്പം നില്‍ക്കുന്ന എന്നാല്‍ ആ ലിസ്റ്റില്‍ ഏറ്റവും കുറച്ച് മാച്ചുകളില്‍ നിന്നും നാലുതവണ നാല് സെഞ്ച്വറികള്‍ നേടിയ രാം നരേഷ് സര്‍വാന്‍ എന്ന വെസ്റ്റിന്‍ഡീസ് ക്രിക്കറ്ററുടെ പേര് ആ ലിസ്റ്റില്‍ പലരും പ്രതീക്ഷിച്ചു കാണില്ല.
രണ്ടായിരത്തി മൂന്നില്‍ ലോകത്തെ ഏറ്റവും കരുത്തരായ ആസ്‌ട്രേലിയയുടെ മക്ഗ്രാത്ത് ,ബ്രെറ്റ് ലീ ,ഗിലസ്പി ,മക്ഗില്‍ മാര്‍ അണി നിരന്ന ബൗളിങ്ങ് പടക്കെതിരെ വിന്‍ഡീസ് 418 റണ്‍ ചേസ് ചെയ്തപ്പോള്‍ 139 പന്തില്‍ 17 ബൗണ്ടറികള്‍ സഹിതം 105 റണ്‍ നേടിയ സര്‍വന്റെ ഇന്നിങ്ങ്‌സ് ഓരോ ബാറ്റ്‌സ്മാന്റെയും സ്വപ്നമാണ് . 2009 ല്‍ ഇoഗ്‌ളണ്ടിനെതിരെ 291 റണ്‍ നേടി സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന് ഒപ്പമെത്തിയ തകര്‍പ്പന്‍ ഇന്നിങ്‌സിനൊപ്പം ആ പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ കൂടി നേടി 1980നു ശേഷം ഒരു പരമ്പരയില്‍ മൂന്നു സെഞ്ചുറികള്‍ അടിച്ച ആദ്യ വെസ്റ്റിന്‍ഡീസ് താരമായ സര്‍വന്‍ ഏതൊരു ഫോര്‍മാറ്റിനും ഉതകുന്ന കേളീശൈലിയുടെ വക്താവായിരുന്നു .
2000 ലെ അരങ്ങേറ്റ ടെസ്റ്റില്‍ വസിം അക്രം ,വഖാര്‍ യൂനിസ് ,മുഷ്താഖ് അഹമ്മദ് ,സഖ്‌ലൈന്‍ മുഷ്താഖ് എന്നിവരെ നേരിട്ട് പുറത്താകാതെ 84 റണ്‍സടിച്ച സര്‍വാന്‍ ആ ദിവസം തന്നെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിലെ ‘ നെക്സ്റ്റ് ബിഗ് തിങ്ങ് ‘ ആയി ഉയര്‍ത്തപ്പെട്ടിരുന്നു. ടെഡ് ടെക്സ്റ്റര്‍ പറഞ്ഞപോലെ അയാള്‍ കരിയര്‍ അവസാനിക്കുമ്പോള്‍ ടെസ്റ്റില്‍ കുറഞ്ഞത് 50 റണ്‍സ് ശരാശരി സാധ്യമാകുമെന്ന് വിശ്വസിച്ചവരായിരുന്നു ഭൂരിഭാഗവും.
പക്ഷേ ഒരു ബാറ്റ്‌സ്മാന്‍ തന്റെ ഏറ്റവും പ്രതാപമുള്ള കാലഘട്ടത്തില്‍ നില്‍ക്കേണ്ട 31ആം വയസ്സില്‍ അവസാന ടെസ്റ്റും കളിച്ച സര്‍വന്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെന്ന് പറയേണ്ടിവരും. അസ്ഥിരത വേട്ടയാടിയില്ലെങ്കില്‍ കുറഞ്ഞത് ചന്ദര്‍പോളിനൊപ്പം വാഴ്ത്തപ്പെടേണ്ടവനായിരുന്നു സര്‍വനും .
87 ടെസ്റ്റുകളില്‍ 40.01 ശരാശരിയില്‍ 15 സെഞ്ചുറികളടക്കം നേടിയ 5842 റണ്‍സിനപ്പുറം പ്രതിഭാശാലിയായിരുന്നു സര്‍വന്‍. സൗത്ത് ആഫ്രിക്കന്‍ മണ്ണിലെ 49 ഉം ശ്രീലങ്കയിലെ 53 ഉം ശരാശരിയില്‍ റണ്‍സ് അടിച്ചപ്പോള്‍ ആസ്‌ട്രേലിയയിലെ 19.12 ന്യൂസിലന്‍ഡ് 17.5 ശരാശരി അയാളിലെ പ്രതിഭയോട് നീതി പുലര്‍ത്തുന്നതായിരുന്നില്ല .
ടെസ്റ്റ് ക്രിക്കറ്റിലെ വാഗ്ദാനമായി വിശേഷിപ്പിക്കപ്പെട്ട സര്‍വന്‍ പക്ഷേ അപ്രതീക്ഷിതമായി തിളങ്ങിയത് ഏകദിനമത്സരങ്ങളിലായിരുന്നു .181 മാച്ചുകളില്‍ 42.67 ശരാശരിയില്‍ സ്ഥിരതയോടെ കളിച്ച സര്‍വന്‍ അരങ്ങേറിയത് മുതല്‍ വിരമിക്കും വരെയും വെസ്റ്റിന്‍ഡീസിന്റെ ഏകദിനക്രിക്കറ്റിലെ വിശ്വസ്തന്‍ ആയിരുന്നു . അക്കാലഘട്ടത്തില്‍ റണ്‍വേട്ടയില്‍ ചന്ദര്‍പോളിനും ഗെയിലിനും മാത്രം പിറകില്‍ നിന്ന സര്‍വന്‍ 12 മാന്‍ ഓഫ് ദ മാച്ച് ബഹുമതികളും നേടി.
79 മത്സരങ്ങളില്‍ ടീം വിജയിച്ചപ്പോള്‍ സര്‍വന്റെ ശരാശരി 62.06 ആയിരുന്നു എന്നത് തന്നെ അയാള്‍ എത്രമാത്രം ആ ടീമില്‍ സ്വാധീനം ഉണ്ടാക്കി എന്നതിന്റെ തെളിവാണ് . ഏകദിന ക്രിക്കറ്റില്‍ തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച 4 ആം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആയ സര്‍വന്‍ ഒരു ഫിനിഷര്‍ കൂടിയായിരുന്നു . ആകെ നേടിയ 5 ഏകദിന സെഞ്ചുറികളില്‍ 4 ഉം നാലാം നമ്പറില്‍ പൊസിഷനില്‍ നേടിയ സര്‍വന്റെ ശരാശരി 54.21 ആയിരുന്നു .
എന്നാല്‍ അതിനേക്കാളേറെ ആശ്ചര്യം 4 ആം നമ്പറില്‍ 59.60 ശരാശരിയുള്ള മൈക്കല്‍ ബേവന്‍ കഴിഞ്ഞാല്‍ ആ പൊസിഷനില്‍ ഏറ്റവുമധികം ശരാശരി സര്‍വന്റെതാണ് എന്നതാണ് .ഇക്കാര്യത്തില്‍ എബി ഡിവില്ലിയേഴ്‌സ് ,വിവിയന്‍ റിച്ചാര്‍ഡ്‌സ് ,റോസ് ടെയ്‌ലര്‍ ,മൈക്കല്‍ ക്‌ളാര്‍ക്ക് ,ജാക്ക് കലിസ് തുടങ്ങിയ പുകള്‍പെറ്റവരെല്ലാം സര്‍വന് പിറകിലാണ് . മൂന്നാം നമ്പര്‍ ആണ് സര്‍വന് അനുയോജ്യമെന്ന് പലരും വിലയിരുത്തുന്നുവെങ്കിലും 82 തവണ ആ പൊസിഷനില്‍ ഇറങ്ങിയെങ്കിലും ഒരു സെഞ്ചുറി പോലും നേടാനായില്ല .
90കളുടെ അവസാനമാകുമ്പോഴേക്കും തകര്‍ച്ചയിലേക്ക് നീങ്ങി വാല്‍ഷ് ആംബ്രോസ് പട കൂടി വിട പറഞ്ഞതോടെ ലാറ ഒറ്റക്ക് ചുമലിലേന്തിയ വിന്‍ഡീസിന് ചന്ദര്‍പോളിനൊപ്പം ലഭിച്ച അനുഗ്രഹമായിരുന്നു സര്‍വന്‍.2000 ത്തിലെത്തുമ്പോഴേക്കും തികച്ചും ജീര്‍ണിച്ച് ശോഷിച്ചു തുടങ്ങിയ വിന്‍ഡീസ് ക്രിക്കറ്റിന്റെ ഇളകാത്ത തൂണ് സര്‍വ്വന്‍ തന്നെയായിരുന്നു. 1995 ല്‍ ഗയാനക്ക് വേണ്ടി പതിനഞ്ചാം വയസ്സില്‍ ഫസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ സര്‍വന്‍ ഫസ്റ്റ് ക്‌ളാസില്‍ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ വിന്‍ഡീസുകാരനായിരുന്നു.
നാലുവര്‍ഷത്തിനുശേഷം ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ അരങ്ങേറിയ സര്‍വന്‍ തന്റെ 28 ആം ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയതോടെയാണ് ടീമില്‍ സ്ഥാനമുറപ്പിച്ചത് . ടെസ്റ്റുകളിലേക്ക് തിരിച്ചുവരുമ്പോള്‍ ഇഷ്ടപൊസിഷനായ No. 3 ല്‍ ഏറ്റവുമധികം റണ്‍സ് നേടിയവരില്‍ വിന്‍ഡീസുകാരില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന സര്‍വന്‍ ആ പൊസിഷനിലെ സെഞ്ചുറി നേട്ടത്തില്‍ റിച്ചി റിച്ചാര്‍ഡ്‌സണൊപ്പം 14 സെഞ്ചുറികളുമായി കരീബിയന്‍മാരില്‍ ഒന്നാമനാണ് .
ഏകദിന ക്രിക്കറ്റില്‍ തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാള്‍ കൂടിയായ സര്‍വന് 2002 ലെ ഇന്ത്യക്കെതിരായ ജംഷെഡ്പൂര്‍ ഏകദിന മത്സരത്തില്‍ പുറത്താകാതെ 89 പന്തില്‍നേടിയ 83 റണ്‍സ് ആണ് വഴിത്തിരിവായത് .അന്ന് വണ്‍ ഡൗണ്‍ ആയി ഇറങ്ങി 95 റണ്‍ നേടിയ അജിത് അഗര്‍ക്കറിന്റെ മികവില്‍ 283 റണ്‍ ചേസ് ചെയ്ത വിന്‍ഡീസിനെ ഒരറ്റത്ത് ഉറച്ചു നിന്ന സര്‍വന്‍ അവസാന പന്തില്‍ ജയിക്കാന്‍ 3 റണ്‍സ് വേണ്ട സമയത്ത് അതേ അഗാര്‍ക്കറിന്റെ ഒരു ലോ ഫുള്‍ടോസ് കവറിലൂടെ ബൗണ്ടറി പറത്തിയ ചിത്രം ഇന്നും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഉള്‍ക്കിടിലത്തോടെയോ ഓര്‍ക്കാനാകൂ .
ആ പര്യടനമാണ് സര്‍വനിലെ മാച്ച് വിന്നറെ പുറന്തോട് പൊട്ടിച്ച് പുറത്തേക്ക് കൊണ്ടുവന്നത് .
ആദ്യ മത്സരത്തില്‍ പുറത്താകാതെ നേടിയ 83 പിന്നാലെ 39 നോട്ടൗട്ട് ,84 99 നോട്ടൗട്ട് , 34 ,14, അവസാന മത്സരത്തില്‍ 83 . 7 മത്സര ഏകദിന പരമ്പരയില്‍ 4 അര്‍ദ്ധശതകങ്ങള്‍ സഹിതം 436 റണ്‍ നേടിയ സര്‍വന്റെ ശരാശരി 109 ആയിരുന്നു .
ഇന്ത്യക്കെതിരെ പുറത്താകാതെ നിന്നിട്ടും ഒരു റണ്‍സിന് സെഞ്ചുറി നഷ്ടമായ സര്‍വന്‍ പക്ഷെ 4 മാച്ചുകള്‍ക്ക് ശേഷം ബംഗ്ലാദേശിനെതിരെ മികവുറ്റ ഇന്നിങ്ങ്‌സിലുടെ പുറത്താകാതെ 102 റണ്‍ നേടി കന്നി സെഞ്ചുറി കുറിച്ചു. 2004ല്‍ ഇംഗ്ലണ്ടിനെതിരെ 104 റണ്‍ നേടിയ സര്‍വന്‍ ഇന്ത്യക്കെതിരെ എന്നും ഒന്നാന്തരം പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 2006 പരമ്പരയില്‍ സര്‍വന്റ ബാക്ക് ടു ബാക്ക് ഇന്നിങ്ങ്‌സുകള്‍ ആരും മറക്കില്ല .വിന്‍ഡീസ് വെറും 198 റണ്‍സിന് പുറത്തായി ഇന്ത്യയെ 1 റണ്‍സിന് തോല്‍പ്പിച്ച മത്സരത്തില്‍ 138 പന്തില്‍ 98 റണ്‍ നേടി ഹീറോ ആയപ്പോള്‍ മറ്റൊരു വിന്‍ഡീസ് ബാറ്റ്‌സ്മാനും 25 റണ്‍ പോലും നേടാനായില്ല .തൊട്ടടുത്ത മാച്ചില്‍ 245 റണ്‍ നേടിയ ഇന്ത്യക്കെതിരെ ചേസ് ചെയ്ത് 131 ന് 4 എന്ന സ്ഥിതിയില്‍ 58 റണ്‍ നേടിയ ചന്ദര്‍പോളിനൊപ്പം കളിയുടെ നിയന്ത്രണം വീണ്ടെടുത്ത് 119 പന്തില്‍ നിന്നും പുറത്താകാതെ നേടിയ 115 ന് സൗന്ദര്യം കൂടും .
2006/07 സമയത്ത് കരിയറിലെ മിന്നും ഫോമിലായിരുന്ന സര്‍വന്റെ മികച്ച ഇന്നിങ്ങ്‌സുകള്‍ കണ്ടു . തുടര്‍ച്ചയായ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 92 ഉം ബംഗ്‌ളാദേശിനെതിരെ പുറത്താകാതെ നേടിയ 91 ഉം അതിലുള്‍പ്പെടും .2011 ല്‍ ഇന്ത്യക്കെതിരെ 3-2ന് വിന്‍ഡീസ് പരാജയപ്പെട്ട അഞ്ച് മത്സര ഏകദിന പരമ്പരയില്‍ 216 റണ്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമനായിട്ടും സര്‍വന്‍ ടീമില്‍ നിന്നും പുറത്തായി . ഒന്നര വര്‍ഷത്തിനു ശേഷം 2013 ല്‍ തിരിച്ചു വരവില്‍ ആസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായി പൂജ്യത്തിന് പുറത്തായെങ്കിലും സിംബാബ്വെക്കെതിരെ 273 റണ്‍ ചേസില്‍ പുറത്താകാതെ 120 റണ്‍സടിച്ച് മികവ് തെളിയിച്ചിരുന്നു .തിരിച്ചു വരവില്‍ 8 ഏകദിനങ്ങള്‍ കളിക്കാന്‍ മാത്രമേ സര്‍വന് അവസരം കിട്ടിയുള്ളൂ .
സര്‍വന്റെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന പ്രകടനം കണ്ടത് 2003 ലോകകപ്പില്‍ കേപ് ടൗണില്‍ ലങ്കക്കെതിരായ മാച്ചിലായിരുന്നു .
ശ്രീലങ്കയുടെ 228 റണ്‍സ് പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ 9ആം ഓവറില്‍ 2 വിക്കറ്റിന് 27 റണ്‍സ് എന്ന നിലയില്‍ ഇറങ്ങിയ സര്‍വന്‍ 10 റണ്‍സുമായി നില്‍ക്കെ ദില്‍ഹാര ഫെര്‍ണാണ്ടോയുടെ പന്ത് ഹെല്‍മെറ്റിലിടിച്ചു പരിക്ക് പറ്റി ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ സ്‌കോര്‍ 62 . ഏഴാമനായി ചന്ദര്‍പോള്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ 42.1 ഓവറില്‍ 169 റണ്‍സ്.
എട്ടാമനായി വീണ്ടും സര്‍വന്‍ ക്രീസിലേക്ക് . ഒടുവില്‍ 4 ഓവറില്‍ 40 ഓളം റണ്‍സ് വേണമെന്നിരിക്കെ 47 ആം ഓവറില്‍ ജയസൂര്യയെ തുടര്‍ച്ചയായി സിക്‌സറും ഫോറും പറത്തിയ സര്‍വന്‍ അടുത്ത ഓവറില്‍ അശോക ഡിസില്‍വയെയും സിക്‌സര്‍ പറത്തി .ഒടുവില്‍ 6 റണ്‍സിന് വിന്‍ഡീസ് തോറ്റെങ്കിലും സര്‍വന്‍ ഏവരുടെയും ഹൃദയം കീഴടക്കിയിരുന്നു .
2003ല്‍ ആന്റിഗ്വയില്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ 418 റണ്‍സ് പിന്തുടര്‍ന്ന് ചരിത്ര വിജയം നേടിയപ്പോള്‍ ഹീറോ സര്‍വന്‍ ആയിരുന്നു .165 ന് 4 വിക്കറ്റ് നഷ്ടപ്പെട്ട് 104 റണ്‍ നേടിയ ചന്ദര്‍പോളിനൊപ്പം പാളയത്തിലേക്ക് പട നയിച്ച സര്‍വന്റെ പോരാട്ട മികവിനെ തളര്‍ത്താന്‍ മക്ഗ്രാത്ത് നടത്തിയ സ്‌ളെഡ്ജിങ്ങും തുടര്‍ന്നുള്ള കൊമ്പുകോര്‍ക്കലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു .6 അടിക്കാരനായ മക്ഗ്രാത്ത്
‘What does Brian Lara’s d–k taste like?’ എന്ന് ചോദിച്ചപ്പോള്‍ 5 അടിക്കാരനായ സര്‍വന്റെ മറുപടി ഇങ്ങനെയായിരുന്നു .
‘I don’t know, ask your wife,’
ഒടുവില്‍ 2 പേരും പരസ്പരം ക്ഷമ ചോദിച്ചെങ്കിലും ക്രിക്കറ്റിലെ സ്‌ളെഡ്ജിങ്ങ് ചര്‍ച്ചയാകുമ്പോള്‍ ആദ്യം ഓടി വരുന്നത് ഈ സംഭവമായിരിക്കും .
4 ആം ഇന്നിങ്ങിസില്‍ പതറാത്ത സര്‍വന്റെ കരിയറിലെ 2 ആം സെഞ്ചുറി ആയിരുന്നു ആന്റിഗ്വയിലേത് .അതേ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരെ 114 ഉം 119 ഉം റണ്‍സടിച്ച സര്‍വന്റെ 2 സെഞ്ചുറികളും പിറന്നത് രണ്ടാമിന്നിങ്ങ്‌സിലായിരുന്നു .ബംഗ്‌ളാദേശിനെതിരെ 402 പന്തില്‍ പുറത്താകാതെ നേടിയ 261 ഉം 2004 ല്‍ ഇംഗ്‌ളണ്ടിനെതിരായ 139 റണ്‍സും സര്‍വനിലെ ടെസ്റ്റ് ക്രിക്കറ്ററുടെ മികവ് തെളിയിക്കുന്നതായിരുന്നു.
സൗത്ത് ആഫ്രിക്കക്കെതിരെ എന്നും മികച്ച രീതിയില്‍ കളിച്ച സര്‍വന്‍ 2005 ല്‍ അവര്‍ക്കെതിരെ 3 ടെസ്റ്റുകളില്‍ പുറത്താകാതെ 107 ഉം 127 ഉം നേടിയ സര്‍വന്‍ 2008 ല്‍ ആസ്‌ട്രേലിയക്കെതിരായ ഒരു ടെസ്റ്റിന്റെ 2 ഇന്നിങ്ങ്‌സുകളിലായി 65 ഉം 128 ഉം നേടി വിശ്വസ്തത തെളിയിച്ചു .സര്‍വന്റെ ഏറ്റവും മികച്ച പ്രകടനം 2009ലെ ഇംഗ്ലണ്ടിന്റെ വിന്‍ഡീസ് പര്യടനത്തില്‍ ആയിരുന്നു . 5 ടെസ്റ്റുകളില്‍ നിന്നും 626 റണ്‍സ് നേടിയ സര്‍വന്‍ തുടര്‍ച്ചയായ ഇന്നിങ്ങ്‌സുകളില്‍ 107,94,106, 291 എന്നിങ്ങനെ സ്വപ്നതുല്യമായ പ്രകടനമാണ് പുറത്തെടുത്തത്. അതേ പരമ്പരയില്‍ 5000 റണ്‍സ് തികച്ച സര്‍വന്‍ ആ നേട്ടത്തിലെത്തിയ പ്രായം കുറഞ്ഞ വിന്‍ഡീസുകാരനുമായി.
2003 2007 2011 ലോകകപ്പുകളില്‍ സാന്നിധ്യമറിയിച്ച സര്‍വന്‍ പക്ഷെ 2011 ലോകകപ്പിനു ശേഷം ടീമിലെ പടലപ്പിണക്കവും വ്യക്തിപരമായ ഒളിയമ്പുകളും അദ്ദേഹത്തെ മടുപ്പിച്ചു .വീട്ടില്‍ നിന്നും പുറത്തു പോലും ഇറങ്ങാതെ ഒതുങ്ങിക്കൂടിയ ഒരു സ്ഥിതി പോലും ഉണ്ടായി. 2013 ല്‍ തിരിച്ചു വന്നുവെങ്കിലും അതേ വര്‍ഷം ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിട പറഞ്ഞു .
4 ടെസ്റ്റുകളിലും 5 ഏകദിനങ്ങളിലും 2 T20 യിലും നായകന്‍ കൂടിയായ സര്‍വന്‍ എന്നും വിവാദങ്ങളുടെ കളിത്തോഴന്‍ കൂടിയായിരുന്നു . 2005 ലാറയ്‌ക്കൊപ്പം സ്‌പോണ്‍സര്ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ടീമില്‍ നിന്നും പുറത്തായപ്പോള്‍ 2007 ല്‍ ബെന്നറ്റ് കിങ്ങിനെ ഏറ്റവും മോശപ്പെട്ടവന്‍ എന്ന് പരാമര്‍ശിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു .അടുത്തിടെ ക്രിസ് ഗെയിലുമായി കൊമ്പു കോര്‍ത്ത സമയത്ത് കൊറോണ വൈറസിനേക്കാള്‍ ഉപദ്രവകാരിയാണ് സര്‍വനെന്ന് പറഞ്ഞ ഗെയിലിന്റെ പരാമര്‍ശം ശ്രദ്ധേയമായി .
വിരമിച്ച ശേഷം ഗയാനക്കു വേണ്ടി ആഭ്യന്തരക്രിക്കറ്റിലും കൗണ്ടിയില്‍ ലെസ്റ്റര്‍ ഷെയറിനു വേണ്ടിയും കളിച്ച സര്‍വന്‍ 87 ടെസ്റ്റില്‍ 15 സെഞ്ചുറികളടക്കം 5842 റണ്‍സും 181 ഏകദിനമാച്ചുകളില്‍ 5 സെഞ്ചുറികളടക്കം 5804 റണ്‍സും നേടിയിട്ടുണ്ട് . ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റില്‍ 33 സെഞ്ചുറികള്‍ സഹിതം 13221 റണ്‍ നേടിയ സര്‍വന് തരക്കേടില്ലാത്ത ബൗളിങ്ങ് മികവ് ടെസ്റ്റില്‍ 23 ഉം ഏകദിനത്തില്‍ 16 ഉം വിക്കറ്റുകളും സമ്മാനിച്ചിട്ടുണ്ട് .
പന്ത്രണ്ടാം വയസ്സില്‍ താന്‍ കളി തുടങ്ങുമ്പോള്‍ രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന സര്‍വന്‍ 2016 ല്‍ അതേ സ്‌കൂളിലെ ചടങ്ങില്‍ വെച്ച് വിരമിക്കല്‍ പ്രഖ്യാപിച്ച് വ്യത്യസ്തനായപ്പോള്‍ 286 ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞിരുന്നു .
2006 ല്‍ തന്റെ 26 ആം ജന്മദിനത്തില്‍ ഇന്ത്യക്കെതിരെ മുനാഫ് പട്ടേലിന്റെ ഒരു ഓവറില്‍ 6 ഫോറുകള്‍ പറത്തി 75 ല്‍ നിന്നും 99 ലെത്തിയ സര്‍വന്‍ സമ്മാനിച്ച നിമിഷങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാകില്ല .കുറഞ്ഞത് 5 വര്‍ഷം മുന്‍പേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട പറഞ്ഞ സര്‍വന്‍ വിന്‍ഡീസ് ക്രിക്കറ്റിലെ രക്ഷകന്‍മാരിലെ അവസാന കണ്ണിയാണെന്ന് പറയാം .
…….. ജൂണ്‍ 23 … സര്‍വന്റെ ജന്‍മദിനം ..
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍