നിങ്ങളുടെ രോഷം ടി20 ലോകകപ്പില്‍ പ്രകടിപ്പിക്കൂ, ലോകം പാഠം പഠിക്കട്ടെ, പാക് താരങ്ങളോട് റമീസ് രാജ

ടോസിന് നിമിഷങ്ങള്‍ക്ക് മുമ്പ് ന്യൂസീലന്‍ഡ് പാക് പര്യടനം റദ്ദായതിലുള്ള രോഷം ടി-20 ലോകകപ്പിലേക്ക് വഴിതിരിച്ചു വിടാനാവശ്യപ്പെട്ട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച് പരിമിത ഓവര്‍ പര്യടനത്തില്‍ നിന്ന് ന്യൂസീലന്‍ഡ് പിന്മാറിയതിനു പിന്നാലെയാണ് പിസിബി ചെയര്‍മാന്‍ താരങ്ങളെ അഭിസംബോധന ചെയ്ത് നിര്‍ണ്ണായക ഉപദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ റമീസ് രാജ താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.

‘നിങ്ങളുടെ ദേഷ്യവും രോഷവും എല്ലാം പ്രകടനം മെച്ചപ്പെടുന്നതിലേക്ക് തിരിച്ചുവിടുക. ലോകകപ്പില്‍ നന്നായി പ്രകടനം നടത്താന്‍ ശ്രമിക്കുക. നിങ്ങളൊരു ലോകോത്തര ടീമായി മാറിയാല്‍ മറ്റ് ടീമുകള്‍ നിങ്ങള്‍ക്കെതിരെ കളിക്കാന്‍ വരിനില്‍ക്കും. ഇതില്‍ നിന്ന് നമ്മള്‍ പാഠം ഉള്‍ക്കൊള്ളണം. നിരാശരാവേണ്ടതില്ല’ റമീസ് രാജ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റും അഭ്യന്തര ക്രിക്കറ്റും എല്ലാം പാകിസ്ഥാനില്‍ വെല്ലുവിളികളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും വൈകാതെ തന്നെ എല്ലാവരും നല്ലവാര്‍ത്തയും റിസള്‍ട്ടും കാണാനാകുമെന്നും റമീസ് രാജ കൂട്ടിചേര്‍ത്തു.

സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പര്യടനത്തില്‍ നിന്ന് കിവീസ് പിന്മാറിയത്. മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്. പര്യടനത്തില്‍ നിന്ന് പിന്മാറിയ ന്യൂസീലന്‍ഡ് താരങ്ങള്‍ ഇന്ന് നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം.

മത്സരത്തിനായി ഇരു താരങ്ങളും ഗ്രൗണ്ടില്‍ ഇറങ്ങാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടാതിരുന്നത് സംശയത്തിനിടയാക്കി. തുടര്‍ന്ന് സംഭവത്തില്‍ വ്യക്തത വരുത്തി ന്യൂസീലന്‍ഡ് ക്രിക്കറ്റ് രംഗത്തുവരികയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏര്‍പ്പാടുകളില്‍ സംശയമുണ്ടെന്ന് അധികൃതര്‍ അറിയിച്ചതിനാല്‍ പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ ന്യൂസീലന്‍ഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സുരക്ഷാ ഭീഷണിയെപ്പറ്റി കൂടുതല്‍ വിവരിക്കാനില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

പര്യടനത്തില്‍ നിന്ന് പിന്മാറിയ ന്യൂസീലന്‍ഡിനെതിരെ ഐസിസിക്ക് പരാതി നല്‍കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിക്കെതിരെ ഐസിസിയെ സമീപിക്കുമെന്ന് പിസിബി ചെയര്‍മാന്‍ റമീസ് രാജ നേരത്തെ പറഞ്ഞിരുന്നു.

ന്യൂസീലന്‍ഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തില്‍ നിന്ന് പിന്മാറാനൊരുങ്ങുന്നുകയാണ്. അടുത്ത മാസം നടത്താനിരിക്കുന്ന പര്യടനത്തില്‍ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഏറെ വൈകാതെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനമെടുക്കും. ഇംഗ്ലണ്ട് കൂടി പിന്മാറിയാല്‍ തങ്ങളുടെ ഹോം മത്സരങ്ങള്‍ക്കുള്ള വേദി വീണ്ടും യുഎഇയിലേക്ക് മാറ്റാന്‍ പിസിബി നിര്‍ബന്ധിതരാവും.

You Might Also Like