മെസിയെന്റെ മികച്ച സുഹൃത്തായിരുന്നില്ല, വെളിപ്പെടുത്തലുമായി മുൻ ബാഴ്‌സ താരം റാക്കിറ്റിച്ച്
ബാഴ്സയിൽ സൂപ്പർ താരം ലയണൽ മെസിയും സഹതാരമായ ഇവാൻ റാകിറ്റിച്ചും അത്ര നല്ല ബന്ധത്തിലല്ലെന്ന മുൻപത്തെ റിപ്പോർട്ടുകൾ ശരിവെക്കുന്ന വെളിപ്പെടുത്തലാണ് റാകിറ്റിച്ച് നടത്തിയത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ തന്നെ ടീമുമായുള്ള പ്രശ്നം കാരണം റാക്കിറ്റിച് ക്ലബ് വിടുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ താരം തുടരുകയും ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ സെവിയ്യയിലേക്ക് ചേക്കേറുകയാണുണ്ടായത്.
ക്രോയേഷ്യയും അർജന്റീനയും തമ്മിൽ നടന്ന മത്സരത്തിലെ മെസിയെ വീഴ്ത്തി കൊണ്ട് റാക്കിറ്റിച്ച് മുന്നേറുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിൽ ഏറെ പഴികേട്ട താരമാണ് റാക്കിറ്റിച്ച്. മെസിയും താനും മികച്ച സുഹൃത്തുക്കൾ അല്ലായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ റാക്കിറ്റിച്ച്. സെവിയ്യയിൽ എത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് റാക്കിറ്റിച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്.
Rakitic "doesn't know" if Vidal played more because he is Messi's friendhttps://t.co/U0ZKQThwZw
— SPORT English (@Sport_EN) September 4, 2020
മെസിയുടെ അടുത്ത കൂട്ടുകാരൻ ആയതിനാലാണോ കഴിഞ്ഞ സീസണിൽ വിദാലിന് തന്നെക്കാൾ കൂടുതൽ തവണ അവസരം കിട്ടിയത് എന്ന ചോദ്യത്തിന് ‘അറിയില്ല’ എന്നായിരുന്നു റാക്കിറ്റിച്ചിന്റെ മറുപടി. ഈ കാര്യത്തിൽ റാക്കിറ്റിച്ച് കൂടുതൽ സംസാരിക്കാതെ താരം ഒഴിഞ്ഞു മാറുകയായിരുന്നു. കൂടാതെ മെസ്സിയെ കുറിച്ച് മറ്റൊരു കാര്യം കൂടി റാക്കിറ്റിച് പറഞ്ഞു.
മെസ്സി തന്റെ ഏറ്റവും മികച്ച സുഹൃത്ത് അല്ലെന്നും എന്നിരുന്നാലും അദ്ദേഹം എന്നോട് നല്ല രീതിയിലാണ് ഇടപഴകിയിരുന്നതെന്നും റാക്കിറ്റിച് കൂട്ടിച്ചേർത്തു. എന്നാൽ മെസ്സിയുടെ ക്ലബ് വിടലിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ റാക്കിറ്റിച്ച് മുതിർന്നില്ല. തനിക്കൊന്നുമറിയില്ലെന്നും താൻ മാധ്യമങ്ങളിലൂടെയാണ് ഇതൊക്കെ അറിയുന്നതെന്നുമാണ് റാക്കിറ്റിച്ച് അഭിപ്രായപ്പെട്ടത്.