ഭാരം 140 കിലോ, അമ്പരപ്പിക്കുന്ന ബൗളിംഗും ബാറ്റിംഗും ഫീല്‍ഡിംഗും, വിന്‍ഡീസിനായി അത്ഭുതം കാട്ടുകയാണ് അയാള്‍

Image 3
CricketCricket News

കെ നന്ദകുമാര്‍പിള്ള

ശരീരം കൊണ്ട് ഒരാളെ അളക്കാന്‍ പാടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വെസ്റ്റ് ഇന്‍ഡീസ് പ്ലയെര്‍ റാക്കിം കോണ്‍വോള്‍. ഏകദേശം 140 കിലോ ശരീര ഭാരമുള്ള ഒരാളില്‍ നിന്നും പ്രതീക്ഷിക്കാവുന്നതിന്റെ എത്രയോ അപ്പുറമാണ് അദ്ദേഹത്തിന്റെ പ്രകടനം.

ഒരു ഓഫ് ബ്രേക്ക് ബൗളര്‍ ആയ അദ്ദേഹം ഇതുവരെ കളിച്ച ഏഴ് ടെസ്റ്റുകളില്‍ നിന്നായി 31 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. അതില്‍ 5 വിക്കറ്റ് പ്രകടനം രണ്ടു തവണ. അഫ്ഗാനിസ്ഥാനെതിരെ നേടിയ 75 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് ബെസ്റ്റ് ബൗളിംഗ്.

ബംഗ്ലാദേശിനെതിരെ ഒരു ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ നാലും വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. ഇതിനൊക്കെ പുറമെ ഒരിന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് പ്രകടനം നാല് പ്രാവശ്യം അദ്ദേഹം നടത്തിക്കഴിഞ്ഞു.

ഇന്നലെ സമാപിച്ച വെസ്റ്റ് ഇന്‍ഡീസ് – ശ്രീലങ്ക ടെസ്റ്റ് സീരീസില്‍ രണ്ട് ടെസ്റ്റിലും അദ്ദേഹം അര്‍ധസെഞ്ചുറികള്‍ നേടി. മികച്ചൊരു ഫീല്‍ഡര്‍ കൂടിയാണ് കോണ്‍വോള്‍. ഇതുവരെയായി 13 ക്യാച്ചുകളും അദ്ദേഹം എടുത്തിട്ടുണ്ട്.

28 ആണ് അദ്ദേഹത്തിന്റെ പ്രായം. ഇനിയും കുറഞ്ഞത് നാലഞ്ചു വര്‍ഷം രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് പ്രതീക്ഷിക്കാം. തീര്‍ച്ചയായും അദ്ദേഹം ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്. അദ്ദേഹം ഫീല്‍ഡില്‍ നില്‍ക്കുന്നത്, ബാറ്റിംഗ് ആയാലും ബൗളിംഗ് ആയാലും ഫീല്‍ഡിങ് ആയാലും, അതൊരു അഴകാണ്. ഇനിയും നല്ല പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ കോണ്‍വോള്‍നു സാധിക്കട്ടെ..

കടപ്പാട്: കേരള ക്രിക്കറ്റ് സോണ്‍