അവനോട് വിരമിക്കാന്‍ പറയാന്‍ ദ്രാവിഡിനെന്തവകാശം, പൊട്ടിത്തെറിച്ച് വിരാട് കോഹ്ലിയുടെ കോച്ച്
ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കുമെതിരായ വൃദ്ധിമാന്‍ സാഹയുടെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ പിടിച്ച് കുലുക്കിയിരിക്കുകയാണല്ലോ. സൗരവ് ഗാംഗുലി വിശ്വാസ വഞ്ചന കാണിച്ചുവെന്നും ദ്രാവിഡ് വിരമിക്കാന്‍ ആവശ്യപ്പെട്ടു എന്നുമായിരുന്നു സാഹയുടെ വെളിപ്പെടുത്തല്‍.
ഇക്കാര്യത്തില്‍ ദ്രാവിഡിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിരാട് കോഹ്ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ്മ. ഒരു കളിക്കാരനോട് വിരമിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് വിവാദങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ശ്രദ്ധിക്കണമെന്നും രാജ്കുമാര്‍ പറഞ്ഞു. നേരത്തെ കോഹ്ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനെയും രാജ്കുമാര്‍ ചോദ്യം ചെയ്തിരുന്നു.
‘കഴിഞ്ഞ 3-4 മാസങ്ങളായി നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഇന്ത്യന്‍ ക്രിക്കറ്റിന് നല്ലതല്ല. സാഹയെ സംബന്ധിച്ച് നേതൃത്വത്തില്‍ നിന്ന് പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് പുറത്തുവരുന്നത്. ഒരു കളിക്കാരനോട് വിരമിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. അത് അവന്റെ വ്യക്തിപരമായ തീരുമാനമാണ്. ദ്രാവിഡ് സാഹയോട് ആത്മാര്‍ത്ഥമായി സംസാരിച്ചിരിക്കാം. പക്ഷേ ഈ വിഷയം ഇപ്പോള്‍ വളരെ വലുതാണ്. ബിസിസിഐ ഇത്തരം വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം’ രാജ്കുമാര്‍ പറഞ്ഞു.
‘സെലക്ടര്‍മാരുടെ ജോലി സെലക്ടര്‍മാര്‍ മാത്രമേ ചെയ്യാവൂ. ബിസിസിഐയില്‍ ഓരോരുത്തര്‍ക്കും അവരുടെ റോളുകള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്, എല്ലാവരും അവരവരുടെ കാര്യങ്ങള്‍ നോക്കണം. സാഹയുടെ അവസ്ഥ കാണുമ്പോള്‍ വിഷമം തോന്നുന്നു. ലോകത്തിലെ മുന്‍നിര വിക്കറ്റ് കീപ്പറും, ടീമിന് നിശബ്ദ സംഭാവന നല്‍കുന്നയാളുമാണ് അദ്ദേഹം. ഇതിലും മികച്ച സമീപനം അദ്ദേഹം അര്‍ഹിക്കുന്നുണ്ട്’ രാജ്കുമാര്‍ ശര്‍മ്മ പറഞ്ഞു.
സാഹയുടെ വെളിപ്പെടുത്തലിനോട് കഴിഞ്ഞ ദിവസം ദ്രാവിഡും പ്രതികരിച്ചിരുന്നു. ടീമിന്റെ പദ്ധതികളെ കുറിച്ചാണ് താന്‍ സാഹയോട് സംസാരിച്ചതെന്നും ഇക്കാര്യം അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുന്നതാണ് നല്ലതെന്ന് തനിയ്ക്ക് തോന്നിയെന്നും ദ്രാവിഡ് വിശദീകരിക്കുന്നു.