ബംഗളൂരുവിന് ലോട്ടറി, 49 പന്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി ആ അജ്ഞാത താരം

Image 3
CricketIPL

ഐപിഎല്ലിന്റെ 14ാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇറങ്ങാനിരിക്കെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ഒരു ലോട്ടറി അടിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള 27കാരനായ രജിത് പതിധാര്‍ ആണ് ഞെട്ടിക്കുന്ന ബാറ്റിംഗ് പ്രകടനവുമായി അപ്രതീക്ഷിതമായി ബംഗളൂരുവിനെ ഞെട്ടിച്ചിരിക്കുന്നത്.

ആര്‍സിബിയുടെ രണ്ടു പരിശീലന മല്‍സരങ്ങളിലും ഉജ്ജ്വല ബാറ്റിംഗ് പ്രകടനമാണ് രജിത്ത് നടത്തിയിരിക്കുന്നത്. ആദ്യ കളിയില്‍ 35 ബോളില്‍ 54 റണ്‍സുമായി മിന്നിയ പതിധാര്‍ രണ്ടാമത്തെ പരിശീലന മല്‍സരത്തില്‍ സെഞ്ച്വറിയടുമടിച്ചു. വെറും 49 ബോളില്‍ 104 റണ്‍സാണ് താരം വാരിക്കൂട്ടിയത്.

ഇതോടെ മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ ആര്‍സിബി പ്ലെയിങ് ഇലവനില്‍ പതിധാറിനെ പരീക്ഷിക്കാന്‍ ഒരുപക്ഷെ ആര്‍സിബി തയ്യാറായേക്കും. .

റണ്‍മഴ കണ്ട രണ്ടാം പരിശീലന മല്‍സരത്തില്‍ തന്റെ ടീമിനെ വിജയത്തിലേക്കു നയിക്കാനും പതിധാറിനു കഴിഞ്ഞു. ആര്‍സിബി ടീം രണ്ടായി തിരിഞ്ഞാണ് പരിശീലന മല്‍സരം കളിച്ചത്. ആദ്യം ബാറ്റ് ചെയ്ത ടീം നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 224 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദാണ് ടോപ്സ്‌കോറര്‍. 48 ബോളില്‍ താരം 95 റണ്‍സ് അടിച്ചെടുത്തു. കെഎസ് ഭരതാണ് മറ്റൊരു സ്‌കോറര്‍. 26 ബോളില്‍ 47 റണ്‍സ് താരം നേടി. നവദീപ് സെയ്നി 33 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തു.

മറുപടി ബാറ്റിങിലായിരുന്നു പതിധാറിന്റെ സ്ഫോടനാത്മക ഇന്നിങ്സ് കണ്ടത്. നാലു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ടീം വിജയത്തിലെത്തുകയും ചെയ്തു. പതിധാറാണ് ടീമിന്റെ ഹീറോയായത്. പുതുതായി ടീമിലെത്തിയ ഓസ്ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലും തിളങ്ങി. 31 ബോളില്‍ അദ്ദേഹം 44 റണ്‍സെടുത്തു. ഡാന്‍ ക്രിസ്റ്റിയന്‍ 38 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഐപിഎല്‍ താര ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് പതിധാറിനെ ആര്‍സിബി സ്വന്തമാക്കയത്.