ആരുമില്ലാത്തവന് ദൈവം തുണ, സഞ്ജുവിന്റെ സങ്കടത്തിന് ദൈവത്തിന്റെ സമ്മാനമായി മാറി അവന്‍

ധനേഷ് ദാമോദരന്‍

ആരുമില്ലാത്തവന് ദൈവം തുണ എന്നത് പലപ്പോഴും ഒരു സത്യമായി ഭവിക്കുന്നത് കാണാം . അല്ലെങ്കില്‍ പിന്നെ ബെന്‍ സ്റ്റോക്ക്‌സും ആര്‍ച്ചറും ഇല്ലാതെ എല്ലാം നഷ്ടപ്പെട്ട് ഫലത്തില്‍ ആരുമില്ലാതെ ഒറ്റയ്ക്കായ സഞ്ജുവിന് തുണയായി ആര്‍ക്കും വേണ്ടാതിരുന്ന ജയദേവ് ഉനദ്ഘട്ട് ഒരു ദൈവദൂതന്റെ വേഷത്തില്‍ എങ്ങനെയായിരിക്കും വന്നത്.

ആദ്യ മത്സരത്തില്‍ തികച്ചും ആധികാരിക വിജയം നേടിയ പന്തിന്റെ ഡല്‍ഹിക്ക് മുന്നില്‍ രാജസ്ഥാന് നേരിയ സാധ്യത പോലും ഭൂരിഭാഗവും കല്പിച്ചു കാണില്ല . സക്കറിയുടെ129.6 Kph ല്‍ വന്ന ആദ്യ പന്തില്‍ പൃഥ്വി ഷാ ബീറ്റ് ചെയ്യപ്പെട്ടത് ഒരു സൂചനയായിരുന്നു .ഒരു റണ്‍ മാത്രം പിറന്ന ആദ്യ ഓവറിനു ശേഷം പിന്നീട് സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു .ഒരു വിസ്മയ സ്‌പെല്‍ .

112 kphല്‍ വന്ന സ്‌ളോ പന്ത് ഷായെ വീഴ്ത്തി. പിന്നാലെ അടുത്ത ഓവറില്‍ കൂട്ടാളി ധവാന്‍ .അടുത്ത ഊഴം രഹാനെയുടേത് .3 പേരും ചേര്‍ന്ന് 24 പന്തില്‍ നേടിയത് 19 റണ്‍ മാത്രം . ഉനത്ഘട്ട് 3-0-12-3. ഡല്‍ഹി 36 ന് 3 .

പഴയ പ്രതാപമില്ലാത്ത മുസ്തഫിസുറിനെ ആദ്യ ചേഞ്ച് ബൗളറായി കൊണ്ടു വന്ന തന്ത്രം ആദ്യ ഓവറില്‍ ഫലിച്ചപ്പോല്‍ വീണ്ടും വിക്കറ്റ് .സ്റ്റോയിനിസ് പൂജ്യത്തിന് പോയതോടെ സ്‌കോര്‍ 7 ഓവറില്‍ 37 ന് 4 .

അതിനിടയില്‍ തന്റെ ടീമിന്റെ ബൗളിങ്ങ് ദൗര്‍ബല്യം കണ്ടറിഞ്ഞ് പരാഗിനെ കൊണ്ട് വന്ന് പന്തെറിയിച്ച സഞ്ജു തന്നില്‍ ഒരു നല്ല ക്യാപ്റ്റനുണ്ടെന്ന് തോന്നിച്ചു .

പകുതി അങ്കം ജയിച്ച രാജസ്ഥാന് ഒരേയൊരു ഭീഷണി പന്ത് ആയിരുന്നു .രാഹുല്‍ തെവാട്ടിയയുടെ ഒരോവറില്‍ തുടര്‍ച്ചയായ 4 ഫോറുകള്‍ അടിച്ച് 20 റണ്‍ അടിച്ചു കുട്ടി സ്‌കോര്‍ 42 പന്തില്‍ 37 എന്നത് 66 പന്തില്‍ 77 ലെത്തിച്ച പന്ത് എന്ത് കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിലയേറിയവനെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു .അല്ലെങ്കിലും ഇനി അയാള്‍ക്ക് എന്ത് തെളിയിക്കാന്‍ ??

ആഭ്യന്തര ക്രിക്കറ്റില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങുന്നതിനൊപ്പം ഒന്നാന്തരം ഫീല്‍ഡര്‍ കൂടിയായ ലളിത് യാദവ് എന്ന 24 കാരന്‍ ഡല്‍ഹിക്ക് ഒരു മുതല്‍ക്കൂട്ടാകാന്‍ സാധ്യതയുണ്ട് .T 20 ല്‍ 37 ബാറ്റിങ്ങ് ശരാശരിയും 7 താഴെ ഇക്കണോമിയും സൂക്ഷിക്കുന്ന ഒരാള്‍ പന്തിനൊപ്പം പിടിച്ചു നിന്നത് ശ്രദ്ധേയമായി .

പന്ത് മത്സരം കവര്‍ന്നെടുത്തു എന്ന് തോന്നിയ നിമിഷത്തില്‍ പിറന്ന മറ്റൊരു ദൈവദൂതനായി പരാഗ് .ഇന്നത്തെ മാച്ചില്‍ പന്തിനെ വീഴ്ത്താന്‍ പരാഗിന്റെ ആ ഡയറക്ട് ത്രോ യെ പോലൊരു വഴിമാത്രമേ ഉണ്ടായിരുന്നുള്ളൂ .മുസ്തഫിസുറിനെ ബാക്ക് ഫുട്ടില്‍ കട്ട് ചെയ്ത് 32 പന്തില്‍ 50 തികച്ച പന്ത് തന്നിലെ നായകന്റ സമ്മര്‍ദ്ദത്തെ കൂടിയാണ് തോല്‍പിച്ചത് .

പന്ത് പുറത്തായ ഉടനെ തെവാട്ടിയയെ കൊണ്ടു വന്ന് സഞ്ജു വീണ്ടും ക്യാപ്റ്റന്‍സി ബ്രില്യന്‍സി കാണിച്ചു . തങ്ങളുടെ വാലറ്റത്തിന്റെ ബാറ്റിങ്ങ് ആനുകൂല്യം ടോം കുറാനും ക്രിസ് വോക്‌സും തെളിയിച്ചത് 7 ഓവരില്‍ 37 ല്‍ നിന്നും 147 ലെത്താന്‍ ഡല്‍ഹിയെ സഹായിച്ചു .ആദ്യത്തെ തകര്‍ച്ച വെച്ച് നോക്കുമ്പോള്‍ തീര്‍ത്തും മികച്ച സ്‌കോര്‍ .

ദുര്‍ബലമായ ഒരു ബൗളിങ്ങ് നിര എന്ന് തോന്നിപ്പിച്ച രാജസ്ഥാന് ചെയ്യാന്‍ പറ്റുന്നതെല്ലാം അവര്‍ ചെയ്തു .

കഴിഞ്ഞ രാത്രികളില്‍ KKRനെയും SRHനെയും പിടി കൂടിയ ഭൂതം തങ്ങളെയും വിഴുങ്ങാതിരിക്കാന്‍ രാജസ്ഥാന്റ ബാറ്റിങ്ങ് നിര ശ്രദ്ധിച്ചാല്‍ ഒരു അവിസ്മരണീയ വിജയം രാജസ്ഥാന് സ്വന്തമാക്കാം .

എല്ലാ കണ്ണുകളും സഞ്ജുവില്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like