സ്മിത്തിനെ പുറത്താക്കാന്‍ രാജസ്ഥാന്‍, സഞ്ജു നായകനായേക്കും

ഐപിഎല്‍ 14ാം സീസണില്‍ വന്‍ മാറ്റത്തിന് ഒരുങ്ങി രാജസ്ഥാന്‍ റോയല്‍സ്. ഓസീസ് സൂപ്പര്‍ താരവും നായകനുമായ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍ പുറത്താക്കാനൊരുങ്ങുന്നതായി പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. പകരം മലയാളി താരം സഞ്ജു വി സാംസണിനെ നായകനാക്കാനാണ് രാജസ്ഥാന്‍ ആലോചിക്കുന്നത്.

സ്മിത്തിന് പകരം ഒരു ഇന്ത്യന്‍ നായകന്‍ വേണമെന്ന ആലോചനയിലാണ് സഞ്ജുവിനെ നായകനായി രാജസ്ഥാന്‍ പരിഗണിക്കുന്നത്. നേരത്തെ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര അടക്കമുളളവര്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

2013 മുതല്‍ റോയല്‍സിലുള്ള സഞ്ജു ടീമിന്റെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിലും ഉള്‍പ്പെട്ടിരുന്നു. ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ലര്‍, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് എന്നിവരാണ് ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ ഉള്ളത്. സ്റ്റോക്‌സ്, ബട്ലര്‍ എന്നിവര്‍ സീസണ്‍ മുഴുവന്‍ ഉണ്ടാവുമോ എന്ന സംശയമാണ് സഞ്ജുവിനെ പരിഗണിക്കാന്‍ കാരണം.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ കൂടിയാണ് സഞ്ജു. സഞ്ജുവിന്റെ നേതൃത്വത്തില്‍ ആദ്യ മത്സരത്തില്‍ കേരളം പോണ്ടിച്ചേരിയെ ആറ് വിക്കറ്റിന് തകര്‍ക്കുകയും ചെയ്തിരുന്നു.

ഐപിഎല്ലില്‍ ആരെയൊക്കെ നിലനിര്‍ത്തണം എന്ന കാര്യം തീരുമാനിക്കാനുളള അവസാന തീയതി ജനുവരി 20 ആണ്. ഈ തീയതിക്ക് മുന്‍പ് സ്മിത്തിന്റെ കാര്യത്തില്‍ രാജസ്ഥാന്‍ മാനേജ്‌മെന്റ് തീരുമാനമെടുക്കും.

You Might Also Like