സ്‌റ്റോക്‌സിന്റെ പകരക്കാരന്‍ ഉടന്‍ ടീമിനൊപ്പം ചേരും, രാജസ്ഥാന് സന്തോഷ വാര്‍ത്ത

Image 3
CricketIPL

ഐപിഎല്‍ വിജയവഴിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ബെന്‍ സ്‌റ്റോക്‌സി്‌ന്റെ പകരക്കാരനായി പരിഗണിയ്ക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ഡര്‍ ഡസ്സണ്‍ ഉടന്‍ ടീമിനൊപ്പം ചേരുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.

ഡസ്റ്റണിനായി രഹസ്യ നീക്കമാണ് രാജസ്ഥാന്‍ നടത്തുന്നത്. ഡസ്റ്റണ്‍ ഫിറ്റനെസ് പാസാകുന്ന വേളയില്‍ രാജസ്ഥാന്‍ റോയല്‍സ് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

32കാരനായ ഡസ്സണ്‍ ഇതുവരെ ഐപിഎല്ലിന്റെ ഭാഗമായിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കായി 20 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള 32കാരന്‍ 41.87 ശരാശരിയില്‍ 628 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. അടുത്തിടെ പാകിസ്ഥാനെതിരെ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ട് ഏകദിനങ്ങളില്‍ ഒരു സെഞ്ചുറിയടക്കം 183 റണ്‍സ് നേടി. രണ്ട് ടി20 മത്സരങ്ങളില്‍ ശരാശരിയില്‍ 86 റണ്‍സും സ്വന്തമാക്കി.

ഡസ്റ്റണിന്റെ വരവ് രാജസ്ഥാന്റെ ബാറ്റിംഗ് പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

അതെസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന അവസാന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് ജയിച്ചത്. കൊല്‍ക്കത്തയെ ചെറിയ സ്‌കോറിന് എറിഞ്ഞിട്ട രാജസ്ഥാന്‍ ബൗളര്‍മാരും വിക്കറ്റ് നഷ്ടപ്പെടുത്താതെ സെന്‍സബിള്‍ ബാറ്റിംഗ് കാഴ്ച്ചവെച്ച നായകന്‍ സഞ്ജു സാംസണുമാണ് ടീമിന് ആശ്വാസ ജയം സമ്മാനിച്ചത്.