രാജസ്ഥാന്‍ സൂപ്പര്‍ താരത്തെ റാഞ്ചി ചെന്നൈ, വാട്‌സന്റെ പകരക്കാരന്‍ ടീമില്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പയെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. വിരമിച്ച മുതിര്‍ന്ന താരം ഷെയന്‍ വാടസന്റെ പകരക്കാരനായാണ് ഉത്തപ്പയെ ചെന്നൈയിന്‍ സ്വന്തമാക്കിയത്. ഉദ്ദേശം മൂന്ന് കോടി രൂപ മുടക്കിയാണ് രാജസ്ഥാന്‍ താരത്തെ ചെന്നൈ ടീമിലെത്തിച്ചിരിക്കുന്നത്.

ഇതോടെ സ്റ്റീവ് സ്മിത്തിന് പുറമെ ഉത്തപ്പയും രാജസ്ഥാന്‍ റോയല്‍സ് നിരയിലുണ്ടാകില്ല. മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്റെ നായകന്‍.

കഴിഞ്ഞ വര്‍ഷം മൂന്ന് കോടി രൂപ മുടക്കിയാണ് ഉത്തപ്പയെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. എന്നാല്‍ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ താരത്തിനായില്ല. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 12 മത്സരങ്ങള്‍ കളിച്ച ഉത്തപ്പ 16.33 എന്ന ബാറ്റിങ് ശരാശരിയില്‍ 196 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. ഇതോടെയാണ് താരത്തെ കൈമാറാന്‍ രാജസ്ഥാന്‍ തീരുമാനിച്ചത്.

ഉത്തപ്പയുടെ ബാറ്റിങ് പൊസിഷന്‍ മാറ്റി സീസണില്‍ പല വട്ടം രാജസ്ഥാന്‍ പരീക്ഷണം നടത്തിയിരുന്നു. നിലവില്‍ ടീമില്‍ ഓപ്പണര്‍മാരുടെ അഭാവം ഇല്ലെന്നിരിക്കെ, ചെന്നൈയില്‍ നിന്ന് ഓഫര്‍ വന്നപ്പോള്‍ അത് സ്വീകരിക്കുകയായിരുന്നു എന്ന് രാജസ്ഥാന്‍ റോയല്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.

രാജസ്ഥാനൊപ്പമുള്ള ഒരു വര്‍ഷം ആസ്വദിച്ചതായും, ചെന്നൈക്കൊപ്പമുള്ള പുതിയ ക്രിക്കറ്റ് യാത്രയെ വിസ്മയത്തോടെയാണ് നോക്കി കാണുന്നത് എന്നും റോബിന്‍ ഉത്തപ്പ പറഞ്ഞു. നിലവില്‍ കേരളത്തിനായാണ് അഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന താരമാണ് ഉത്തപ്പ. മുഷ്താഖ് അലി ടി20യില്‍ കേരളത്തിനായി തരക്കേടില്ലാത്ത പ്രകടനവും ഉത്തപ്പ കാഴ്ച്ചവെച്ചിരുന്നു.

You Might Also Like