റെയ്നയ്ക്കും ധോണിയ്ക്കും ബിരിയാണി കൊടുത്തില്ല, ടീമില്‍ സ്ഥാനം നഷ്ടമായതായി സൂപ്പര്‍ താരം
ലക്നോ: ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകാനുളള കാരണം രസകരമായി വിവരിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സ്പോര്‍ട്സ് സ്ക്രീനുമായി സംസാരിക്കവെ കൈഫ് രസകരമായൊരു സംഭവം ഓര്‍ത്തെടുത്തത്.
2006-ല്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് നോയിഡയിലെ തന്റെ വീട്ടില്‍ വിരുന്ന് നല്‍കിയതിനെ കുറിച്ചാണ് കൈഫ് മനസ്സ് തുറന്നത്. സച്ചിനും ഗാംഗുലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഒരു മുറിയിലും റെയ്ന, ധോണി തുടങ്ങിയ ജൂനിയര്‍ താരങ്ങള്‍ മറ്റൊരു മുറിയിലുമായിട്ടായിരുന്നു ഇരുന്നത്’ കൈഫ് ഓര്‍ക്കുന്നു
സീനിയര്‍ താരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്നതിനിടെ താരതമ്യേന ജൂനിയര്‍ താരങ്ങളായിരുന്ന ധോണിയെയും റെയ്നയെയും ഒന്നും കാര്യമായി സല്ക്കരിക്കാനായില്ല. ധോണിക്കൊന്നും ശരിക്ക് ബിരിയാണി വിളമ്പിക്കൊടുന്‍ പോലും കഴിഞ്ഞില്ല. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം ധോണി ഇന്ത്യന്‍ നായകനായി. അന്ന് ധോണി വിചാരിച്ചു കാണും ജൂനിയേഴ്സായ തങ്ങളെയൊന്നും കൈഫ് ശരിക്കും ഗൗനിച്ചില്ലല്ലോ എന്ന്. ഒരുപക്ഷെ അതായിരിക്കാം അദ്ദേഹം ക്യാപ്റ്റനായപ്പോഴും തന്നെ ടീമിലേക്ക് പരിഗണിക്കാതിരുന്നത്’ തമാശയായി കൈഫ് പറഞ്ഞു.
ധോണിയെ എപ്പോള്‍ കാണുമ്പോഴും വീട്ടില്‍ വന്നിട്ട് ശരിക്ക് സല്ക്കരിക്കാതിരുന്ന കാര്യം പറയാറുണ്ടെന്നും കൈഫ് പറഞ്ഞു. 2006-ല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ കൈഫിന് പിന്നീട് ടീമില്‍ തിരിച്ചെത്താനായില്ല. 2018-ലാണ് കൈഫ് മത്സര ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.