ആർക്കും വേണ്ടാതെ വമ്പൻ താരങ്ങൾ; താരലേലത്തിന്റെ നഷ്ടം ഈ താരങ്ങൾ

Image 3
IPL

ഐപിഎൽ താരലേലത്തിന് ബംഗളൂരുവിൽ തുടക്കമായപ്പോൾ പൊന്നും വില സ്വന്തമാക്കി സൂപ്പർതാരങ്ങൾ. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ 8.25 കോടി രൂപക്കാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. 12.25 കോടിയുമായി ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലുമെത്തി.

എന്നാൽ ഇതിനൊപ്പം വമ്പൻ താരങ്ങളായ സുരേഷ് റെയ്‌ന, സ്റ്റീവ് സ്മിത്ത് എന്നിവരെ സ്വന്തമാക്കാന്‍  ഫ്രാഞ്ചൈസികള്‍ ആരും തന്നെ മുൻപോട്ടു വന്നില്ല എന്നതും ശ്രദ്ധേയമായി. രണ്ട് കോടി രൂപ അടിസ്ഥാന വിലയിട്ട റെയ്‌നക്കായി മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉള്‍പ്പെടെ ആരും മുന്‍പോട്ട് വന്നില്ല.

മിസ്റ്റർ ഐപിഎൽ എന്ന് വിളിപ്പേരുള്ള റെയ്‌ന ഐപിഎല്ലിൽ ഏറ്റവും മികച്ച ബാറ്റിംഗ് റെക്കോർഡ് സ്വന്തമായുള്ള താരമാണ്. 205 ഐപിഎല്‍ മത്സരങ്ങളിൽ നിന്നായി 5528 റൺസാണ് റെയ്‌ന അടിച്ചുകൂട്ടിയത്.എന്നാൽ 2020ലെ ദുബായ് ഐപിഎല്ലില്‍ നിന്ന് റെയ്‌ന അപ്രതീക്ഷിതമായി പിന്മാറിയത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

ലോകത്തെ ഏറ്റവും മികച്ച ബാറ്സ്മാൻമാരിൽ ഒരാളായ ഓസ്‌ട്രേലിയന്‍ സൂപ്പർതാരം സ്റ്റീവ് സ്മിത്തിനെയും ലേലത്തിൽ ആരും കൈക്കൊണ്ടില്ല. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ താരമായിരുന്ന സ്മിത്തിന് കാര്യമായി തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇരുവരെയും കൂടാതെ വമ്പനടിക്ക് പേരുകേട്ട ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറാണ് താര ലേലത്തില്‍ ആരും കൈകൊള്ളാതിരുന്ന മറ്റൊരു പ്രമുഖൻ.