സൂപ്പര്‍ താരങ്ങള്‍ ടീമില്‍, ആദ്യ ടെസ്റ്റിനുളള ടീമിനെ പ്രഖ്യാപിച്ചു

Image 3
CricketTeam India

ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു. സര്‍പ്രൈസ് ഇലവനെയാണ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പരിശീലന മല്‍സരത്തില്‍ മിന്നുന്ന ബാറ്റിങ് കാഴ്ചവച്ച ശുഭ്മാന്‍ ഗില്‍, നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന കെഎല്‍ രാഹുല്‍, പരിശീലന മല്‍സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയ റിഷഭ് പന്ത് എന്നിവര്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും തഴയപ്പെട്ടു.

ഗില്‍, രാഹുല്‍ എന്നിവര്‍ക്കു പകരം മോശം ഫോമിലുള്ള യുവ ബാറ്റ്സ്മാന്‍ പൃഥ്വി ഷായെയാണ് ഇന്ത്യ ഓപ്പണര്‍മാരില്‍ ഒരാളായി തിരഞ്ഞെടുത്തിരിക്കുന്നത്. ടെസ്റ്റില്‍ സ്ഥിരം ഓപ്പണിങ് സ്ഥാനം വഹിക്കുന്ന മായങ്ക് അഗര്‍വാള്‍ തന്നെയാണ് പൃഥ്വിയുടെ പങ്കാളി. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ത്രിദിന പിങ്ക് ബോള്‍ മല്‍സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയ പന്ത് ആദ്യ ടെസ്റ്റില്‍ ടീമിലുണ്ടാവുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ പന്തിനു പകരം പരിചയസമ്പന്നനായ വൃധിമാന്‍ സാഹയെയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയത്.

മായങ്കിന്റെ ഓപ്പണിങ് പങ്കാളിയായി ഗില്ലിനായിരുന്നു ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. പിങ്ക് ബോള്‍ ത്രിദിന മല്‍സരത്തില്‍ ഗില്‍ ആദ്യ ഇന്നിങ്സില്‍ 43ഉം രണ്ടാമിന്നിങ്സില്‍ 65ഉം റണ്‍സെടുത്തിരുന്നു. എന്നാല്‍ പൃഥ്വിക്കു 40ഉം മൂന്നും റണ്‍സാണ് ഈ മല്‍സരത്തില്‍ നേടാനായത്.

പിങ്ക് ബോള്‍ ടെസ്റ്റില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി ഉമേഷ് യാദവ് കളിക്കും. ടീമിലെ ഏക സ്പിന്നര്‍ ആര്‍ അശ്വിനാണ്. നവദീപ് സെയ്നി, മുഹമ്മദ് സിറാജ് എന്നിവരെ മറികടന്നാണ് പരിചയസമ്പന്നായ യാദവ് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തിയത്.

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍

മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.