കോഹ്ലി ആഗ്രഹിച്ചത് ചെയ്യുന്നവന്‍, ദ്രാവിഡുമായി ഒത്തുപോകില്ല, വന്‍ വെളിപ്പെടുത്തല്‍

കോഹ്ലിയുടെ ക്യാപ്റ്റന്‍സി മാറ്റത്തിന് പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി ബന്ധമുണ്ടെന്ന നിരീക്ഷണവുമായി മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ രംഗത്ത്. കോഹ്ലി ആഗ്രഹിക്കുന്നത് ചെയ്യുന്ന സ്വഭാവക്കാരനാണെന്നും കോഹ്ലിയും പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഒത്തുപോകുന്നത് ശ്രമകരമാണെന്നുമാണ് കനേരിയ വിലയിരുത്തുന്നത്.

‘പരിശീലകന്‍ രവി ശാസ്ത്രിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി നന്നായി പോയി, അദ്ദേഹവുമായി വളരെ നല്ല ബന്ധമുണ്ടായിരുന്നു. ശാസ്ത്രി അദ്ദേഹത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ സൗരവ് ഗാംഗുലി ബോര്‍ഡിന്റെ തലപ്പത്തേക്കും പരിശീകനായി രാഹുലും വന്നശേഷം കോഹ്ലിയ്ക്ക് കാര്യങ്ങള്‍ അത്ര ശുഭകരമല്ല’ കനേരിയ പറഞ്ഞു.

പരിശീലകനായി ഇന്ത്യന്‍ ടീമിലെത്തിയ കുംബ്ലെയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് കോഹ്ലിയ്ക്ക് കരിറില്‍ പിന്നീട് തിരിച്ചടിയായതെന്നാണ് കനേരിയ പറയുന്നത്.

‘ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു അനില്‍ കുംബ്ലെ, ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരം. പക്ഷേ കോഹ്ലിയുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നില്ല. കുംബ്ലെയും ദ്രാവിഡും ഇന്ത്യയുടെ തെക്കന്‍ നഗരമായ ബംഗളൂരുവില്‍നിന്നുള്ളവരാണ്. മികച്ച താരങ്ങള്‍. ഉയര്‍ന്ന നിലവാരം പുലര്‍ത്തിയവര്‍’ ഇരുവരും തമ്മിലുളള ബന്ധം കനേരിയ ഓര്‍മ്മിപ്പിച്ചു.

ദ്രാവിഡ് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. ടീം ഇന്ത്യക്കായി ടൂര്‍ണമെന്റുകള്‍ വിജയിപ്പിക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് കളിക്കാരെ അദ്ദേഹം വാര്‍ത്തെടുത്തു, പക്ഷേ വിരാട് കോഹ്ലിയുമായി അദ്ദേഹം അത്ര നല്ല ബന്ധത്തിലായിരുന്നില്ല, കാരണം വിരാട് കോഹ്ലി ആഗ്രഹിക്കുന്നത് ചെയ്തിരിക്കുമെന്ന സ്വഭാവക്കാരനാണെന്നും കനേരിയ പറയുന്നു.

നിലവില്‍ രോഹിത്ത് ശര്‍മ്മയാണ് ഇന്ത്യയുടെ നായകന്‍. രോഹിത്തിന്റെ കീഴില്‍ ഇന്ത്യ ഏഷ്യ കപ്പില്‍ ഈ ഞായറാഴ്ച്ച പാകിസ്ഥാനെ നേരിടും. നായകസ്ഥാനം ഏറ്റെടുത്ത ശേഷം രോഹിത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഏഷ്യ ക്പ്പ് ടൂര്‍ണമെന്റ്.

You Might Also Like