ദ്രാവിഡിനെ ഞങ്ങള്‍ക്കെല്ലാം ഭയമായിരുന്നു, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം

Image 3
CricketTeam India

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന-ടി20 പരമ്പരയില്‍ ഇന്ത്യ പരിശീലിപ്പിക്കുക മുന്‍ നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) തലവനുമായ രാഹുല്‍ ദ്രാവിഡാണല്ലോ. ഇന്ത്യന്‍ യുവതാരങ്ങളെ കണ്ടെത്തുന്നതിലും അവരെ പരിശീലിപ്പിക്കുന്നതിലും ഇതിനോടകം തന്നെ പേരെടുത്ത് കഴിഞ്ഞ താരമാണ് ദ്രാവിഡ്. ദ്രാവിഡിനൊപ്പമുളള പരിശീലന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് യുവതാരം പൃത്ഥ്വി ഷാ.

അണ്ടര്‍ 19 ടീമിലും ഇന്ത്യ എ ടീമിലും ദ്രാവിഡിന്റെ കീഴില്‍ കളിച്ചിട്ടുള്ള താരമാണ് പൃത്ഥ്വി ഷാ. ശ്രീലങ്കന്‍ പര്യടനത്തിനത്തില്‍ ഷാ കളിയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.

‘രാഹുല്‍ സാറിനടുത്ത് നമ്മള്‍ പൂര്‍ണമായും അച്ചടക്കം പാലിക്കണം. ഞങ്ങള്‍ക്കെല്ലാം അദ്ദേഹത്തെ ഭയമായിരുന്നു. കളത്തിനു പുറത്ത് അദ്ദേഹം വളരെ സൗഹൃദത്തിലാണ് ഇടപെട്ടിരുന്നത്. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ക്കൊപ്പമാണ് ഭക്ഷണം കഴിച്ചിരുന്നതും. അദ്ദേഹത്തിനൊപ്പം ഇരിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് സ്വപ്ന തുല്യമായിരുന്നു. എല്ലാ യുവതാരങ്ങളും അത്തരമൊരു സ്വപ്നം കൊണ്ടുനടക്കുന്നുണ്ടാകും’ പൃഥ്വി ഷാ പറഞ്ഞു.

‘ലോകകപ്പിനു മുന്‍പും ഞങ്ങള്‍ ദ്രാവിഡ് സാറിനു കീഴില്‍ വിദേശ പര്യടനത്തിനു പോയിരുന്നു. അദ്ദേഹത്തേപ്പോലെ കളിക്കണമെന്ന് ഒരിക്കലും ആരെയും നിര്‍ബന്ധിക്കില്ല. ബാറ്റിങ്ങിന്റെ കാര്യത്തില്‍ വലിയ മാറ്റങ്ങളൊന്നും അദ്ദേഹം നിര്‍ദ്ദേശിക്കില്ല. പകരം സ്വാഭാവികമായ രീതിയില്‍ കളിക്കാനാണ് ആവശ്യപ്പെടുക. പവര്‍പ്ലേ ഓവറുകളില്‍ ഞാന്‍ പിടിച്ചുനിന്നാല്‍ പിന്നീട് പുറത്താക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു’ ഷാ വിവരിച്ചു.

‘അദ്ദേഹം കൂടുതലും സംസാരിച്ചിരുന്നത് കളിയോടുള്ള മാനസികമായ സമീപനത്തെക്കുറിച്ചാണ്. എങ്ങനെ കളിയെ സമീപിക്കണമെന്നും എന്തൊക്കെ തന്ത്രങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞുതരും. ടീം മീറ്റിങ്ങുകളില്‍ വളരെക്കുറച്ചു മാത്രമേ സംസാരിക്കൂ. ഓരോരുത്തരും കളി ആസ്വദിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഒരാള്‍ തെറ്റുകള്‍ പലകുറി ആവര്‍ത്തിച്ചെങ്കില്‍ മാത്രമേ അതു തിരുത്താന്‍ ശ്രമിക്കൂ’ ഷാ പറഞ്ഞു.

‘അദ്ദേഹം തീര്‍ച്ചയായും അണ്ടര്‍ 19 തലത്തിലൊക്കെ കളിച്ചിരിക്കുമല്ലോ. അതുകൊണ്ട് ഞങ്ങളില്‍നിന്ന് എന്താണ് വേണ്ടെതെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഓരോ കളിക്കാരേയും പ്രത്യേകം പ്രത്യേകം കാണുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി’ പൃഥ്വി ഷാ പറഞ്ഞു.