; )
ഇന്ത്യയുടെ വിശ്വസ്ത മതില്‍ രാഹുല്‍ ദ്രാവിഡിനെതിരെ പന്തെറിഞ്ഞപ്പോഴുണ്ടായ രസകരമായ അനുഭവം ഓര്‍ത്തെടുത്ത് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ ഗ്രെയിം സ്വാന്‍. കൗണ്ടി ക്രിക്കറ്റില്‍ കളിക്കുമ്പോഴാണ് ദ്രാവിഡിനെതിരെ ആദ്യമായി പന്തെറിയാന്‍ സ്വാന് അവസരം തെളിഞ്ഞത്. എന്നാല്‍ അത് ഒരിക്കലും മറക്കാനാവാത്ത അനുഭവമായെന്ന് സ്വാന്‍ പറയുന്നു.
‘2000 വര്‍ഷത്തെ സീസണില്‍ കൗണ്ടിയില്‍ ഉജ്വല പ്രകടനമായിരുന്നു ദ്രാവിഡിന്റേത്. നോട്ടിങ്ങാംഷെയറിന് വേണ്ടിയാണ് ഞാന്‍ കളിച്ചിരുന്നത്. അന്നാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തിനെതിരെ പന്തെറിയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അവിശ്വസനീയ പ്രകടനമാണ് കാണാനീയത്. ഞാന്‍ വെറും 11 വയസുള്ള കുട്ടിയായി തോന്നിപോയി’ സ്വാന്‍ പറയുന്നു.
ദ്രാവിഡിനേക്കാള്‍ മികച്ചൊരു ബാറ്റ്സ്മാനെ ഞാന്‍ കണ്ടിട്ടില്ല. കൗണ്ടി ക്രിക്കറ്റില്‍ അക്കാലത്ത് പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരമാരാണെന്ന് ചോദിച്ചാല്‍ ദ്രാവിഡ് എന്നല്ലാതെ മറ്റൊരു ഉത്തരമില്ല. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരുടെ കൂട്ടത്തിലാണ് ദ്രാവിഡിന്റെ സ്ഥാനം.’ സ്വാന്‍ പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റില്‍ ദ്രാവിഡിനെ പുറത്താക്കാന്‍ സാധിച്ചത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്നും സ്വാന്‍ കൂട്ടിച്ചേര്‍ത്തു. 2008ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റിലായിരുന്നു അത്. ദ്രാവിഡിനെതിരെ എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ അദ്ദേഹത്തെ എല്‍ബിയില്‍ കുരുക്കുകയായിരുന്നു.