രാജസ്ഥാന് കൈകൊടുത്ത് ദ്രാവിഡ്, ഇനി സഞ്ജുവിന്റെ പരിശീലകന്‍

Image 3
CricketFeaturedIPL

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായാണ് ദ്രാവിഡ് വീണ്ടും ഐപിഎല്ലില്‍ എത്തുന്നത്. അടുത്ത സീസണിലേക്കാണ് ദ്രാവിഡ് രാജസ്ഥാനുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ദ്രാവിഡ് വീണ്ടും ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. ദ്രാവിഡിന്റെ സഹപരിശീലകനായി ഇന്ത്യന്‍ ടീമിന്റെ മുന്‍ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡിനെ എത്തിക്കാനും രാജസ്ഥാന്‍ ശ്രമിക്കുന്നുണ്ട്.

ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങളെ കുറിച്ച് ദ്രാവിഡ് അടുത്തിടെ ടീം മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ മെന്ററും ഡയറക്ടറും കൂടിയാണ് രാഹുല്‍ ദ്രാവിഡ്. 2013-ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്.

2014, 2015 സീസണുകളില്‍ രാജസ്ഥാന്റെ ഡയറക്ടറായും മെന്ററായും ദ്രാവിഡ് പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തിലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയത്. 2015-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോയ ദ്രാവിഡ് പിന്നീട് 2019 മുതല്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാകുന്നതുവരെ ആ പദവിയില്‍ തുടര്‍ന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീം പരിശീലകനായും ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

2021-ലാണ് ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായത്. അദ്ദേഹത്തിന്റെ കീഴില്‍ കഴിഞ്ഞ ജൂണില്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയതിനൊപ്പം കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിന്റെ ഫൈനലിലും രണ്ട് തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും കളിച്ചു. നിലവില്‍ ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലന കാര്യങ്ങളും കൂടി നോക്കുന്നത്. ആദ്യ ഐപിഎല്ലില്‍ കിരീടം നേടിയ രാജസ്ഥാന്‍ 2022-ല്‍ സഞ്ജുവിന്റെ നേതൃത്വത്തില്‍ റണ്ണേഴ്സ് അപ്പായി. 2023-ല്‍ പ്ലേ ഓഫ് ബര്‍ത്ത് നേരിയ വ്യത്യാസത്തില്‍ നഷ്ടമായ രാജസ്ഥാന്‍ കഴിഞ്ഞ സീസണില്‍ എലിമിനേറ്ററിലാണ് പുറത്തായത്.