അന്ന് ധോണിയോട് ദ്രാവിഡ് പൊട്ടിത്തെറിച്ചു, ഞാന്‍ സാക്ഷി, വെളിപ്പെടുത്തലുമായി സെവാഗ്
പരസ്യ ചിത്രത്തിലാണെങ്കിലും ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ് കലിപ്പ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് പ്രേമികള്‍. എന്നാല്‍ ഇതില്‍ തനിക്ക് അത്ഭുതമൊന്നും തോന്നിയില്ലെന്നും ദ്രാവിഡ് ദേഷ്യപ്പെടുന്ന താന്‍ പലപ്പോഴും കണ്ടിട്ടുണ്ടെന്നും പറഞ്ഞിരിക്കുകയാണ് സഹതാരം വീരേന്ദര്‍ സെവാഗ്.
‘രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ധോണി അന്ന് ടീമിലെ പുതുമുഖമാണ്. പാക് പര്യടനത്തിന്റെ സമയം. ധോണി പോയിന്റില്‍ ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ ദ്രാവിഡിന് വലിയ ദേഷ്യം വന്നു. ഇങ്ങനെയാണോ കളിക്കുന്നത്? നീ കളി ഫിനിഷ് ചെയ്യണമായിരുന്നു എന്നാണ് ധോണിയോട് ദേഷ്യത്തില്‍ ദ്രാവിഡ് പറഞ്ഞത്. അടുത്ത കളിക്കായി ധോണി ഇറങ്ങിയപ്പോള്‍ കൂടുതല്‍ ഷോട്ടുകള്‍ ധോനി കളിക്കുന്നത് കാണാനായില്ല. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ചോദിച്ചപ്പോള്‍ ദ്രാവിഡില്‍ നിന്ന് വീണ്ടും വഴക്ക് കേള്‍ക്കാതിരിക്കാനാണ് ഇതെന്നാണ് ധോണി മറുപടി പറഞ്ഞത്’ സെവാഗ് പറഞ്ഞു.
തനിക്കും ദ്രാവിഡിന്റെ വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ഇംഗ്ലീഷിലായിരുന്നതിനാല്‍ അതില്‍ പകുതിയും തനിക്ക് മനസിലായില്ലെന്നും സെവാഗ് പറഞ്ഞു. ക്രെഡ് എന്ന കമ്പനിക്ക് വേണ്ടി ദ്രാവിഡ് ചെയ്ത പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ട്രാഫിക് ജാമില്‍ കുടുങ്ങിയ ദ്രാവിഡ് ഒപ്പമുള്ള കാറുകളിലെ ആളുകളെ ചീത്ത പറയുന്നതും സമീപത്തുള്ള കാറിന്റെ റിയര്‍ വ്യു മിറര്‍ തല്ലി തകര്‍ക്കുന്നതുമാണ് വിഡിയോയിലുള്ളത്.
ഇന്ദിരാനഗറിലെ ഗുണ്ടയാണ് ഞാന്‍ എന്നാണ് കലിപ്പില്‍ ദ്രാവിഡ് അലറുന്നത്. ഇതോടെ രാഹുല്‍ ദ്രാവിഡ്, ഇന്ദിരാ നഗര്‍ ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. രാഹുലിന്റെ ഇതുവരെ കാണാത്ത കലിപ്പന്‍ മുഖം ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.