വഴികാട്ടാന്‍ ഇനി ദ്രാവിഡുണ്ടാകും, ടീം ഇന്ത്യയുടെ പുതിയ ഹെഡ് കോച്ചിനെ പ്രഖ്യാപിച്ചു

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് ഇനി ഇന്ത്യന്‍ സീനിയര്‍ ടീമിനെ പരിശീലിപ്പിക്കും. ബിസിസിയുടെ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സുലക്ഷ്ണ നായിക്കും ആര്‍പി സിങ്ങും ഐക്യകണ്ഠേന ദ്രാവിഡിനെ പരിശീലകനായി തിരഞ്ഞെടുത്തു.

രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. ഈ മാസം നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ ദ്രാവിഡ് പരിശീലകനായി സ്ഥാനമേല്‍ക്കും. രണ്ട് ടെസ്റ്റും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

ഈ സ്ഥാനമേറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഇതൊരു ബഹുമതിയായി കാണുന്നുവെന്നും ദ്രാവിഡ് പ്രതികരിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലും അണ്ടര്‍-19 ടീമിലും ഇന്ത്യ എ ടീമിലുമുണ്ടായിരുന്ന താരങ്ങളാണ് സീനിയര്‍ ടീമിലുള്ളതെന്നും അവരുമായി നേരത്തെയുള്ള ബന്ധം കോച്ചിങ്ങിന് ഒരുപാട് സഹായിക്കുമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്‍ 14-ാം സീസണ്‍ ഫൈനലിന് ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ദ്രാവിഡ് പരിശീലന സ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനാണ് ഇപ്പോള്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്.

യു.എ.ഇയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി സ്ഥാനമൊഴിയും. 48-കാരനായ ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്.

നേരത്തെ 2016, 2017 വര്‍ഷങ്ങളിലും ബിസിസിഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ 2018-ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെ ജൂലായില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹമുണ്ടായിരുന്നു.

You Might Also Like