വരുണിനേക്കാള്‍ മികച്ചവന്‍ ടീമിലുളള ആ യുവതാരമാണ്, അയാളെ കളിപ്പിക്കണമെന്ന് പാക് താരം

ഇന്ത്യയ്ക്കായി മൂന്ന് മത്സരങ്ങള്‍ കളിച്ച വരുണ്‍ ചക്രവര്‍ത്തിയേക്കാ മികച്ച സ്പിന്നര്‍ രാഹുല്‍ ചഹറാണെന്നും അദ്ദേഹത്തെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കണമെന്നും മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. വരുണ്‍ ചക്രവര്‍ത്തിക്ക് മൂന്ന് മത്സരത്തില്‍ അവസരം ലഭിച്ചെങ്കിലും ഒരു വിക്കറ്റ് പോലും നേടാനാകാത്ത പശ്ചാത്തലത്തിലാണ് കനേരിയ ഇത്തരമൊരു ആവശ്യം ഉയര്‍ത്തുന്നത്.

‘വരുണ്‍ ചക്രവര്‍ത്തിയേക്കാളും മികച്ച സ്പിന്നറായി പരിഗണിക്കാവുന്ന താരം രാഹുല്‍ ചഹാറാണ്. വലം കൈയന്‍ ലെഗ് സ്പിന്നറായ രാഹുല്‍ വ്യത്യസ്തമായ പന്തുകളെറിയാന്‍ കഴിവുള്ള താരമാണ്. വരുണിന്റെ ബൗളിങ്ങില്‍ വലിയ വ്യത്യസ്തതയില്ല. രാഹുല്‍ വിക്കറ്റ് വീഴ്ത്താനും മിടുക്കുള്ളവനാണ്. എന്നാല്‍ രാഹുലിന്റെ ആത്മവിശ്വാസം ഇപ്പോള്‍ കുറഞ്ഞിരിക്കാം’- കനേരിയ പറഞ്ഞു.

2020ലെ യുഎഇ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ രാഹുലിന് പക്ഷം 2021ന്റെ രണ്ടാം പാദത്തില്‍ ഫോം കണ്ടെത്താനായില്ല. വിക്കറ്റ് വീഴ്ത്താന്‍ പ്രയാസപ്പെട്ട താരം നന്നായി തല്ലുവാങ്ങുകയും ചെയ്തു. ഇതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേയിങ് 11ല്‍ നിന്ന് രാഹുല്‍ പുറത്തായി. അവസാന നിമിഷം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് രാഹുല്‍ പുറത്തുപോകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും രാഹുലിനെ ഇന്ത്യ നിലനിര്‍ത്തി. എന്നാല്‍ ഇതുവരെ അവസരം നല്‍കിയില്ല.

നമീബിയക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. ഏറ്റവും വലിയ വിജയം ലക്ഷ്യം വെച്ചാവും ഇന്ത്യ ഇറങ്ങുക. വരുണിന് പകരം രാഹുലിന് ഇന്ത്യ അവസരം നല്‍കിയേക്കും. ന്യൂസീലന്‍ഡ്-അഫ്ഗാന്‍ മത്സര വിജമയാകും ഇന്ത്യയുടെ ഭാവി തീരുമാനിക്കുക.

You Might Also Like