ആ രണ്ട് താരങ്ങളേയും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ലക്ഷ്മണ് നിര്‍ദേശം

സിംബാബ്‌വെ പര്യടനത്തിനുളള ഇന്ത്യന്‍ ടീമിനെ നയിക്കുന്ന കെ എല്‍ രാഹുല്‍, ഓള്‍റൗണ്ടര്‍ ദീപക് ചഹര്‍ എന്നിവരുടെ ഫിറ്റ്നസ് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പരിശീലകന്‍ വിവിഎസ് ലക്ഷ്മണിനെ ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സെലക്ടര്‍മാര്‍ ആണ് ഇരുവരുടേയും ഫിറ്റ്‌നസ് നിരീക്ഷിക്കാന്‍ ലക്ഷ്മണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഏഷ്യാ കപ്പിലും ട്വന്റി20 ലോകകപ്പിലുമെല്ലാം രാഹുല്‍ കളിയ്ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ലോകകപ്പ് ടീമില്‍ ചഹര്‍ കളിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുവരേയും സൂക്ഷമ നിരീക്ഷണത്തിന് വിധേയമാക്കാന്‍ സെലക്ടര്‍മാര്‍ ലക്ഷ്മണിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ഇന്‍സൈഡ് സ്‌പോട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിര്‍ണായക ഘടകങ്ങളാണ് രാഹുലും ദീപക് ചഹറും. ഇവര്‍ പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുക്കണം എന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. അതിനാലാണ് പരിക്ക് മാറിയ രാഹുലിനെ നായകനാക്കി തന്നെ സിംബാബ് വെയിലേക്ക് ബിസിസിഐ അയച്ചത്.

ഈ വര്‍ഷം ഫെബ്രുവരിക്ക് ശേഷം ചഹര്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല. മെയ് മുതലാണ് രാഹുലും പരിക്ക് കാരണം വിട്ടുനില്‍ക്കേണ്ടി വന്നത്. പരിക്കേറ്റ ഭുംറയ്ക്ക് ലോകകപ്പ് വരെ നഷ്ടമാകാന്‍ ഇടയുളളതിനാല്‍ ദീപക് ചഹറിന്റെ ഫിറ്റ്നസിലേക്ക് സെലക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്. ഇതോടെ സിംബാബ് വെ പര്യടനം ഇരുവര്‍ക്കും നിര്‍ണ്ണായകമാകും എന്ന് ഉറപ്പായി.

You Might Also Like