ബ്ലാസ്റ്റേഴ്‌സ് റഡാറില്‍ കരീബിയന്‍ വന്‍മതില്‍, എസ്ഡിയുടെ പഴയ കൂട്ടാളി കൊച്ചിയിലേക്ക്
കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായ സിംബാബ്‌വെ താരം കോസ്റ്റ നമോനിസുവിന് പിന്നാലെ മറ്റൊരു പ്രതിരോധ താരത്തെ കൂടി സ്വന്തമാക്കാനുളള ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ഗോവന്‍ ഐലീഗ് ക്ലബ് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ടിനിഡാഡ് & ടൊബാഗോയില്‍ നിന്നുളള പ്രതിരോധ താരം റഡന്‍ഫാ അബൂബക്കറിനെ സ്വന്തമാക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുന്നത്.
കഴിഞ്ഞ ഐലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനായി 14 മത്സരങ്ങള്‍ കളിച്ച അബൂബക്കര്‍ സെന്റര്‍ മിഡ് ഫീല്‍ഡ് ആയിട്ട് കൂടി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരന്നു. ക്ലബ് ഫുട്‌ബോളില്‍ ഏറെ പരിചയസമ്പന്നനായ അബൂബക്കര്‍ ഇന്ത്യന്‍ സാഹചര്യവും നന്നായി പരിചയിച്ച താരമാണ്.
33 വയസുളള അബൂബക്കര്‍ 2017ല്‍ ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസിന്റെ കീഴില്‍ ലിത്വാനിയന്‍ ക്ലബ് സുഡവയ്ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. 22 മത്സരങ്ങളാണ് സുഡുവയ്ക്കായി അബൂബക്കര്‍ കളിച്ചത്. രണ്ട് ഗോളും നേടിയിട്ടുണ്ട്.
നിലിവില്‍ ഏഷ്യയിലും യൂറോപ്പിലും കരീബിയയിലുമായി 12ല്‍ അധികം ക്ലബുകളില്‍ ബൂട്ടുകെട്ടിയ അബൂബക്കര്‍ ഐലീഗില്‍ ചര്‍ച്ചില് ബ്രദേഴ്‌സിനായും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. വെല്‍ഷ് ക്ലബ് ആയ സ്വാന്‍സീ സിറ്റിക്കായി കളിച്ച താരം കൂടിയായ അബൂബക്കര്‍ ഏഴ് യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങളും കളിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ടിനിഡാഡ് & ടൊബാഗോയ്ക്കായി 36 മത്സരങ്ങള്‍ ബൂട്ടുകെട്ടിയിട്ടുളള അബൂബക്കര്‍ രണ്ട് രാജ്യന്തര ഗോളുകളും നേടിയിട്ടുണ്ട്.