വംശീയാധിക്ഷേപം നേരിട്ട സിറാജിനെ നെഞ്ചോട് ചേര്‍ത്ത് രഹാന, ഇതാ യഥാര്‍ത്ഥ നായകന്‍

Image 3
CricketTeam India

സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ വംശീയാധിക്ഷേപം നേരിടേണ്ടി പേസര്‍ മുഹമ്മദ് സിറാജിനെ ചേര്‍ത്തു നിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. അധിക്ഷേപമുണ്ടായ ഉടന്‍ തന്നെ കളി നിര്‍ത്തിവയ്ക്കാന്‍ അംപയറോട് ആവശ്യപ്പെട്ടതും രഹാനെയാണ്.

വിഷയത്തില്‍ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചതോടെ കളി അല്‍പ്പനേരം നിര്‍ത്തിവച്ചു. ഇതോടെ
പിന്നീട് പൊലീസ് ഇടപെട്ട് ആറു കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ സിറാജിന്റെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന രഹാനെയെ കാണാം.

സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനവും ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ്, ഭുംറ എന്നിവര്‍ക്ക് നേരെ കാണികളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം വന്നിരുന്നു. ഇരുവര്‍ക്കും നേരെ അസഭ്യവും, അധിക്ഷേപ വാക്കുകളും വന്നതോടെ മൂന്നാം ദിനം രഹാനെ അമ്പയറുടെ പക്കലെത്തി പരാതി പറയുകയായിരുന്നു. ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ ഐസിസി അന്വേഷണം നടത്തുകയാണ്.

മദ്യപിച്ച എത്തിയ ഏതാനും കാണികളാണ് സിറാജിനും ഭുംറയ്ക്കുമെതിരെ വംശീയാധിക്ഷേപം നടത്തിയത്. കുരങ്ങന്‍ന്മാര്‍, സ്വയം ഭോഗികള്‍ മുതല്‍ അമ്മയെ ചേര്‍ത്തുളള തെറികള്‍ വരെ താരങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നു. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ അവസാന സെഷനില്‍ സിറാജ് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്ന സമയത്താണ് സംഭവം നടന്നത്.

കോവിഡ് മൂലം 10000 കാണികളെ മാത്രമാണ് സിഡ്‌നി ക്രി്കറ്റ് ഗ്രൗണ്ടില്‍ അനുവദിച്ചിരുന്നത്. അതിനാല്‍ തന്നെ താരങ്ങള്‍ക്ക് നേരെ നടന്ന തെറിവിളിയും വംശീയാധിക്ഷേപങ്ങളുമെല്ലാം കൃത്യമായി കളിക്കാരുടെ ചെവിയിലെത്തുകയും ചെയ്തു.

ഐസിസിയുടെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും, കുറ്റക്കാര്‍ ആരെല്ലാമാണെന്ന് വ്യക്തമാവുന്നതോടെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ഇന്ത്യന്‍ ടീമിനോട് നിരുപാധികം ക്ഷമ ചോദിക്കുകയാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.