ബ്ലാസ്റ്റേഴ്‌സ് ഒടുക്കേണ്ടത് ഏഴ് കോടി രൂപ, ഇവാന് കരിയര്‍ എന്‍ഡ്, വന്‍ ശിക്ഷ നടപടി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫില്‍ ബംഗളൂരു എഫ്.സിക്കെതിരായ മത്സരം പൂര്‍ത്തിയാക്കാതെ കളംവിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് വന്‍ തുക പിഴ വിധിക്കാന്‍ ഒരുങ്ങി സംഘാടകര്‍. അഞ്ച് മുതല്‍ ഏഴ് കോടി രൂപ വരെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴയിടുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ബ്ലാസ്‌റ്റേഴ്‌സിന്റെ പോയന്റ് വെട്ടിച്ചുരുക്കുകയോ ടീമിനെ അയോഗ്യരാക്കുകയോ ചെയ്യില്ലെന്നാണ് സൂചന. കളിക്കാരെ മൈതാനത്തുനിന്ന് തിരിച്ചുവിളിച്ച മുഖ്യപരിശീലകന്‍ ഇവാന്‍ വുകൊമാനോവിച്ചിനെതിരെയും നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബംഗളൂരു എഫ്‌സി നായകന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാതെ താരങ്ങളെ തിരിച്ചുവിളിക്കുകയായിരുന്നു. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ലംഘനത്തിനാണ് വന്‍തുക പിഴയിടുന്നത്. അച്ചടക്ക നടപടിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് അപ്പില്‍ നല്‍കാം.

ഐ.എസ്.എല്‍ അധികൃതരുടെ അച്ചടക്കനടപടികളും ക്ലബ് നേരിടേണ്ടി വരും. പിഴക്ക് പുറമേ, പോയന്റ് വെട്ടിക്കുറക്കാനും ലീഗില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനും ലീഗിലെ ചട്ടത്തില്‍ വകുപ്പുകളുണ്ട്.

അധിക സമയത്തേക്ക് നീണ്ട കളിയുടെ ആദ്യ പകുതിയില്‍ സുനില്‍ ഛേത്രി പെട്ടെന്ന് എടുത്ത ഫ്രീകിക്ക് ഗോളായതോടെയാണ് കോച്ച് വുകൊമാനോവിച്ച് താരങ്ങളെ തിരിച്ചുവിളിച്ചത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും കളി തുടരാന്‍ ടീം വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് മാച്ച് റഫറി ക്രിസ്റ്റല്‍ ജോണ്‍ ബംഗളൂരുവിനെ ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തു.

You Might Also Like