അശ്വിനെ എന്തിന് പുറത്താക്കി, അടങ്ങാത്ത കോഹ്ലിപ്പകയ്ക്ക് പിന്നിലെ കാരണം എന്ത്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഏറെ അമ്പരപ്പിച്ചത് സൂപ്പര്‍ താരം ആര്‍ അശ്വിനെ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താത്താണ്. ഒരാളും സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിധമാണ് അശ്വിനെ തഴഞ്ഞുളള ടീം ലൈനപ്പുമായി ഇന്ത്യ ഇറങ്ങിയത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനിടെ ലഭിച്ച ഇടവേളയില്‍ കൗണ്ടി ടീമിനായി കളിച്ച അശ്വിന്‍ അവിടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇതോടെ ടീമില്‍ അശ്വിന് സ്ഥാനം ഉറപ്പാണെന്ന വിലയിരുത്തലിനിടേയാണ് ഇന്ത്യയുടെ സര്‍പ്രൈസ് ടീം ലൈനപ്പ് പുറത്ത് വന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിവരുന്ന അശ്വിനെ ഇംഗ്ലണ്ടിനെതിരെ തഴഞ്ഞതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കോഹ്ലിയ്ക്ക് കീഴില്‍ വലിയ അവഗണ അനുഭവിക്കുന്ന താരമാണ് അശ്വിന്‍. നേരത്തെ ഇന്ത്യയുടെ ഏകദിന,ടി20 ടീമുകളില്‍ നിന്ന് കോഹ്ലി അശ്വിനെ ഒഴിവാക്കിയിരുന്നു. ഇതോടെ ടെസ്റ്റില്‍ മാത്രമൊതുങ്ങിയ ഈ ലോകോത്തര സ്പിന്നറെ ഇപ്പോള്‍ അവിടെ നിന്നും തുരത്താനുളള നീക്കങ്ങളാണ് നടക്കുന്നത്.

അശ്വിനെ പുറത്താക്കിയത് ബുദ്ധിശൂന്യതയാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകര്‍ പ്രതികരിച്ചു. മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ അടക്കം അശ്വിനെ ഒഴിവാക്കിയതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഒന്നാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജ മാത്രമാണ് സ്പിന്നറായി ഇടം പിടിച്ചിട്ടുള്ളത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് പുറത്ത് കളിക്കുമ്പോള്‍ അശ്വിന്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ 28.11 ആണ് അശ്വിന്റെ ശരാശരി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ന്യൂസിലന്‍ഡിനെതിരെ അശ്വിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിനെതിരെ അശ്വിന് മാനസികമായ മേധാവിത്വം പുലര്‍ത്താനുള്ള കഴിവുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ അവസാന പരമ്പരയില്‍ നാല് ടെസ്റ്റുകളിലും അശ്വിന്‍ കളിച്ചു, പരമ്പരയില്‍ 32 വിക്കറ്റുകളുമായി അശ്വിന്‍ മാന്‍ ഓഫ് ദ് സീരിസ് നേടുകയും ചെയ്തു. ഇതെല്ലാം കണക്കിലെടുത്ത് അശ്വിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍ ജോ റൂട്ടിനെ രണ്ട് തവണയും വിക്കറ്റിനു മുന്നില്‍ കുരുക്കിയത് അശ്വിനാണ്.

 

You Might Also Like