അശ്വിന്റെ വഴിയില്‍ ധോണിയും?, ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നു?

Image 3
CricketIPL

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ മഹേന്ദ്രസിങ് ധോണി ഐപിഎല്ലില്‍ നിന്നും പിന്മാറിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. ധോണിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു അഭ്യൂഹം പ്രചരിക്കുന്നത്.

ധോണിയുടെ പിതാവ് പാന്‍ സിങ്, മാതാവ് ദേവകി ദേവി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരെയും റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിവിധ വേദികളിലായി പുരോഗമിക്കുന്ന ഐപിഎല്‍ 14ാം സീസണിനായി നിലവില്‍ മുംബൈയിലാണ് മഹേന്ദ്രസിങ് ധോണി. താരം നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ ഘട്ട മത്സരങ്ങള്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഐപിഎലിന്റെ ഭാഗമായി കുടുംബാംഗങ്ങളില്‍നിന്ന് മാറി മറ്റു ടീമംഗങ്ങള്‍ക്കൊപ്പം പ്രത്യേക ബയോ സെക്യുര്‍ ബബ്‌ളിലാണ് ധോണി.

നേരത്തെ കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിച്ചെന്ന് സൂചിപ്പിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് സൂപ്പര്‍ താരം ആര്‍ അശ്വിന്‍ ഐപിഎല്ലില്‍ നിന്നും പിന്മാറിയിരുന്നു. അശ്വിനെ കൂടാതെ നിരവധി ഓസ്‌ട്രേലിയന്‍ താരങ്ങളും പുതിയ സാഹചര്യം ചൂണ്ടികാട്ടി ഐപിഎല്‍ ഉപേക്ഷിച്ചിട്ടുണ്ട്.

എന്നാല്‍ ഐപിഎല്ലുമായി മുന്നോട്ട് പോകുമെന്നാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. പിന്മാറേണ്ടവര്‍ക്ക് പിന്മാറാമെന്നും ബിസിസിഐ പറയുന്നു. അതെസമയം ഐപിഎല്‍ വെട്ടിക്കുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പരമാവധി മത്സരങ്ങള്‍ കുറച്ച് പ്ലേ ഓഫും ഫൈനലും നടത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇതിനോട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.