സെറ്റിയന്റെ സ്ഥാനം തെറിച്ചേക്കും, സൂചന നല്‍കി ബാഴ്‌സ പരിശീലകന്‍

Image 3
FeaturedFootball

ഓഗസ്റ്റ് ആദ്യവാരത്തില്‍ നടക്കാനിരിക്കുന്ന നാപോളിയുമായുള്ള ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ മത്സരത്തിന് ബാഴ്സയുടെ പരിശീലകനായി താനുണ്ടാവുമോയെന്നു അറിയില്ലെന്ന് കികെ സെറ്റിയന്‍. ലാലിഗയില്‍ ഒസാസുനയുമായി സ്വന്തം തട്ടകത്തില്‍ ബാഴ്സ 2-1നു തോറ്റതോടെ പരിശീലകവേഷത്തില്‍ കികെ സെറ്റിയന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

‘ഞാനാണ് ഈ ടീമിന്റെ പരിശീലകന്‍ എന്നിരിക്കെ ഞങ്ങളുടെ ഈ സാഹചര്യത്തിനു ഉത്തരവാദിയും ഞാനാണ്. ചാമ്പ്യന്‍സ് ലീഗ് ആരംഭിക്കുമ്പോഴേക്കും ഒരു വ്യത്യസ്തത ടീമായി ഞങ്ങള്‍ തിരിച്ചു വരുന്നതായിരിക്കും. എന്നാല്‍ എന്റെ കാര്യത്തിലെന്താണ് സംഭവിക്കുക എന്നതിലെനിക്കുറപ്പില്ല’ ഒസാസുനയുമായുള്ള ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം സംസാരിക്കുകയായിരുന്നു കികെ സെറ്റിയന്‍.

വാല്‍വെര്‍ദെക്കു ശേഷം ജനുവരിയിലാണ് കികെ സെറ്റിയന്‍ ബാഴ്സലോണ പരിശീലകനായി സ്ഥാനമേല്‍ക്കുന്നത്. പോയിന്റ് ടേബിളില്‍ 2 പോയിന്റ് വ്യത്യാസത്തില്‍ ഒന്നാമതായാണ് ബാഴ്സ കൊറോണ അവധിയില്‍ പ്രവേശിച്ചത്. 11 മത്സരങ്ങളാണ് ലീഗില്‍ ബാക്കി കളിക്കാനുണ്ടായിരുന്നത്. എന്നാല്‍ കോറോണക്ക് ശേഷം സമനിലകളുമായി പോയിന്റ് കളഞ്ഞു കുളിച്ചത് ബാഴ്സക്ക് വിനയാവുകയായിരുന്നു.

മത്സരശേഷമുള്ള മെസിയുടെ അഭിപ്രായപ്രകടനം താന്‍ ശ്രദ്ധിച്ചുവെന്നും മെസി പറഞ്ഞത് പോലെ സ്വയം വിമര്‍ശനത്തിലൂടെ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും കികെ സെറ്റിയന്‍ കൂട്ടിച്ചേര്‍ത്തു.

കൊറോണക്ക് ശേഷം ബാര്‍സലോണ സെറ്റിയന്റെ കീഴില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായി സമനിലകള്‍ വഴങ്ങിയ ബാഴ്‌സലോണ നിര്‍ണായകമായ ദിനത്തില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വി രുചിക്കുകയായിരുന്നു. ഇതുമൂലം ചാമ്പ്യന്‍സ് ലീഗിനു മുന്‍പ് തന്നെ സെറ്റിയന്റെ പരിശീലകസ്ഥാനം പോയാല്‍ അത്ഭുതപ്പെടാനില്ല.