പഞ്ചാബ് കുരുതി! 200ാം മത്സരത്തില്‍ ധോണിയ്ക്ക് സഹതാരങ്ങളുടെ സമ്മാനം

Image 3
CricketIPL

ഐപിഎല്‍ 14ാം സീസണില്‍ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കെഎല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് കിംഗ്‌സിനെയാണ് 200ാം മത്സരം കളിക്കുന്ന ധോണിയും സംഘവും തകര്‍ത്തത്. ആറ് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം.

പഞ്ചാബ് കിംഗ്‌സ് ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. റുതുരാജ് ഗായക്വാഡ് തുടക്കത്തില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് വാങ്കഡേയില്‍ കണ്ടത്. അധികം വൈകാതെ താരം അര്‍ഷ്ദീപ് സിംഗിന് വിക്കറ്റ് നല്‍കി മടങ്ങുകയും ചെയ്തു.

ഗായക്വാഡ് പുറത്തായ ശേഷം ക്രീസിലെത്തിയ മോയിന്‍ അലി അനായാസം ബാറ്റ് വീശിയപ്പോള്‍ മറുവശത്ത് ഫാഫ് ഡു പ്ലെസിയും താരത്തിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 66 റണ്‍സാണ് നേടിയത്. 31 പന്തില്‍ 46 റണ്‍സ് നേടിയ മോയിന്‍ അലിയുടെ വിക്കറ്റ് അശ്വിനാണ് നേടിയത്.

ലക്ഷ്യത്തിന് വളരെ അടുത്തെത്തിയപ്പോള്‍ വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും വളരെ ചെറിയ സ്‌കോര്‍ മാത്രം പഞ്ചാബ് നേടിയതിനാല്‍ തന്നെ അധികം ബുദ്ധിമുട്ടാതെ ശേഷിക്കുന്ന റണ്‍സ് കണ്ടെത്തുവാന്‍ ചെന്നൈയ്ക്ക് സാധിച്ചു. 36 റണ്‍സ് നേടി ഫാഫ് ഡു പ്ലെസി പുറത്താകാതെ നിന്നു. റെയ്‌നയും അമ്പാടി റായിഡുവും പെട്ടെന്ന് പുറത്തായി.. പാഞ്ചാബിനായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി.

നേരത്തെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ച ദീപക് ചഹാറിന്റെ കരുത്തിലാണ് ചെന്നൈ പഞ്ചാബിനെ എട്ട് വിക്കറ്റിന് 106ല്‍ ഒതുക്കിയത്. ചെന്നൈയ്ക്കായി ദീപക് ചഹാര്‍ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജഡേജ ഒരു തകര്‍പ്പന്‍ ക്യാച്ചും രാഹുലിനെ റണ്ണൗട്ടിനും ഇരയാക്കി.

പഞ്ചാബിനായി 36 പന്തില്‍ 47 റണ്‍സെടുത്ത ഷാറൂഖ് ഖാനാണ് അവര്‍ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.