എംബാപ്പെ ട്രാൻസ്ഫർ; പെരെസിനും റയൽ മാഡ്രിഡിനും ഇരട്ടപ്രഹരവുമായി പിഎസ്‌ജി

റയൽ മാഡ്രിഡ്‌ കഴിഞ്ഞ സീസൺ മുതൽ പ്രധാനലക്ഷ്യമായി പിന്തുടരുന്ന ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജി സൂപ്പർതാരമാണ് കിലിയൻ എംബാപ്പെ. 2022ൽ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കെ ഇതു വരേയും കരാർ പുതുക്കാൻ വിസമ്മതിക്കുന്ന താരത്തെ ഈ സീസണവസാനം സമ്മർ ട്രാൻസ്ഫറിൽ സ്വന്തമാക്കാനാണ് റയൽ മാഡ്രിഡിന്റെ പദ്ധതി. 160 മില്യൺ യൂറോക്ക്‌ മുകളിൽ താരത്തിനായി റയൽ മാഡ്രിഡ്‌ പണം മുടക്കേണ്ടി വരും.

എന്നാൽ റയലിനു തിരിച്ചടി നൽകി മറ്റൊരു സംഭവം കൂടി ഇതിനിടയിൽ സംഭവിച്ചിരിക്കുകയാണ്. നിലവിലെ പിഎസ്‌ജിയുടെ ജർമൻ പരിശീലകനായ തോമസ് ടൂഹലിനെ സ്ട്രാസ്‌ബർഗുമായുള്ള മത്സരശേഷം അപ്രതീക്ഷിതമായി പുറത്താക്കിയിരിക്കുകയാണ്. ടൂഹലുമായി വലിയ ധാരണയിലല്ലാത്ത എംബാപ്പെക്ക് കൂടുതൽ സൗകര്യമുണ്ടാക്കികൊടുത്തിരിക്കുകയാണീ നീക്കം.

സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം ടൂഹലിനെ പുറത്താക്കിയത് എംബാപ്പെ പിഎസ്‌ജിയുമായുള്ള പുതിയ കരാറിനു വഴിയൊരുക്കുമെന്നാണ് അറിയാനാകുന്നത്. കഴിഞ്ഞ സമ്മറിൽ ചാമ്പ്യൻസ്‌ലീഗ് ഫൈനൽ വരെയെത്തിക്കാൻ ടൂഹലിനു സാധിച്ചിരുന്നുവെങ്കിലും അടുത്തിടെ എംബാപ്പേയുമായുള്ള നല്ല രീതിയിലല്ലാത്ത ബന്ധം പിഎസ്‌ജിക്കു പുറത്തേക്കുള്ള വഴിയൊരുക്കുകയായിരുന്നു.

എന്നാൽ ഈ നീക്കം വലിയ തിരിച്ചടിയായിരിക്കുന്നത് റയൽ മാഡ്രിഡിനു തന്നെയാണ്. പുതിയ പരിശീലകനായി വരാൻ ഏറ്റവും കൂടുതൽ സാധ്യത കാണുന്നത് മുൻ ടോട്ടനം പരിശീലകനും മുൻ പിഎസ്‌ജി താരവുമായിരുന്ന മൗറിസിയോ പൊചെട്ടിനോയാണ്. ഇനി പിഎസ്‌ജിയുമായി ഇനി പുതിയ കരാറിൽ ഏംബാപ്പെ ഒപ്പുവെച്ചാൽ കരാറിനിടെ ഭാവിയിൽ റയൽ മാഡ്രിഡിലേക്ക് പോവാനുള്ള നിബന്ധന വെച്ചാലും 225 മില്യൺ യൂറോക്ക് മുകളിലുള്ള തുകക്കെ റയൽ മാഡ്രിഡിനു താരത്തെ സ്വന്തമാക്കാനാവുകയുള്ളൂ. ഇത് റയൽ മാഡ്രിഡിനു ഒരു ഇരട്ട പ്രഹരമായി മാറുമെന്ന് തന്നെയാണ് പിഎസ്‌ജിയുടെ പുതിയ നീക്കം സൂചിപ്പിക്കുന്നത്.

You Might Also Like