ലിവർപൂളിനെ അട്ടിമറിച്ച് സ്പാനിഷ് സൂപ്പർതാരത്തെ സ്വന്തമാക്കാൻ പിഎസ്ജി

Image 3
FeaturedFootball

ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരമായ തിയാഗോ അൽകാൻട്രയെ സ്വന്തമാക്കാനുള്ള ലിവർപൂളിന്റെ നീക്കങ്ങൾക്കു തിരിച്ചടിയായി താരത്തിന് മികച്ച ഓഫറുമായി പിഎസ്ജി രംഗത്ത്. അടുത്ത വർഷത്തോടെ കരാർ അവസാനിക്കാനിരിക്കുന്ന ഇരുപത്തിയൊൻപതുകാരനായ താരത്തെ വിട്ടു നൽകാൻ ബയേൺ മ്യൂണിക്ക് ആവശ്യപ്പെടുന്ന തുക നൽകാൻ പിഎസ്ജി തയ്യാറാണെന്ന് ഫ്രഞ്ച് മാധ്യമമായ ലെ ടെൻ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു.

ഏഴു വർഷത്തോളം ബയേൺ മ്യൂണിക്ക് മധ്യനിരയിലെ പ്രധാന താരമായിരുന്ന തിയാഗോ അൽകാൻട്ര അടുത്ത സീസൺ മുതൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനു വേണ്ടിയാണ് ടീം വിടാനൊരുങ്ങുന്നത്. പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിലേക്ക് താരം ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു കൊണ്ടിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഓഫറുമായി പിഎസ്ജി രംഗത്തു വന്നിരിക്കുന്നത്.

അടുത്ത വർഷത്തോടെ താരത്തിന്റെ കരാർ അവസാനിക്കുമെന്നതു കൊണ്ടാണ് തിയാഗോയെ വിൽക്കാൻ ബയേൺ ഒരുങ്ങുന്നത്. താരത്തിന് മുപ്പതു ദശലക്ഷം യൂറോയാണ് ബയേൺ ട്രാൻസ്ഫർ ഫീസായി ആവശ്യപ്പെടുതെന്നാണ് ജർമൻ മാധ്യമമായ സ്പോർട് ബിൽഡ് റിപ്പോർട്ടു ചെയ്തത്. ഈ തുക നൽകാൻ പിഎസ്ജി തയ്യാറാണെന്നാണ് ലെ ടെൻ സ്പോർട് ഇപ്പോൾ വ്യക്തമാക്കുന്നത്.

ലിവർപൂൾ പരിശീലകനായ യർഗൻ ക്ലോപ്പിന് വളരെ താൽപര്യമുള്ള താരമാണു തിയാഗോയെങ്കിലും കുർടിസ് ജോൺസ്, നബി കെയ്റ്റ എന്നിവർ ടീമിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതു മൂലം പുതിയ താരത്തെ ലിവർപൂൾ സ്വന്തമാക്കാൻ സാധ്യതയില്ലെന്നത് പിഎസ്ജിയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.