നെയ്മറെ നിലനിർത്തിയാൽ പണിയാകും, പിഎസ്ജി കടുത്ത തീരുമാനത്തിലേക്ക്

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മറെ ഒഴിവാക്കുന്ന കാര്യം പിഎസ്ജി പരിഗണിക്കുന്നു. 222 ദശലക്ഷം യൂറോയെന്ന റെക്കോർഡ് ട്രാൻസ്ഫറിൽ ബാഴ്സയിൽ നിന്നും പിഎസ്ജിയിലെത്തിയ താരത്തെ ഫ്രീ ട്രാൻസ്ഫർ നൽകേണ്ട അവസ്ഥ വരാതിരിക്കാനാണ് പിഎസ്ജി നിർണായകമായ തീരുമാനം നടപ്പിലാക്കാൻ ഒരുങ്ങുന്നതെന്ന് മുണ്ടോ ഡി പോർടീവോ റിപ്പോർട്ടു ചെയ്യുന്നു.

ലോകഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന തുകയുടെ ട്രാൻസ്ഫറാണ് നെയ്മറുടേത്. എന്നാൽ പിഎസ്ജിയിൽ താരം അത്ര തൃപ്തനല്ല. ബാഴ്സലോണയിലേക്കു തന്നെ തിരികെ പോകണമെന്ന് താരം ആവശ്യപ്പെട്ടിട്ടും താരത്തിനായി ബാഴ്സ നിരവധി ഓഫർ നൽകിയിട്ടും വിട്ടു നൽകാൻ പിഎസ്ജി ഇതുവരെയും തയ്യാറായിട്ടില്ല.

എന്നാൽ 2022ൽ കരാർ അവസാനിക്കുന്ന താരത്തെ ഇനിയും ടീമിൽ വച്ചു കൊണ്ടിരിക്കുന്നത് പിഎസ്ജിക്കു തിരിച്ചടിയാണ്. റെക്കോർഡ് തുകക്ക് ടീമിലെത്തിച്ച താരം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടുന്നത് കാണേണ്ടി വരും. ആ സാഹചര്യം ഒഴിവാക്കാനാണ് താരത്തെ വിട്ടു കൊടുക്കുന്ന കാര്യം പിഎസ്ജി ആലോചിക്കുന്നത്.

താരവുമായി കരാർ പുതുക്കാൻ പിഎസ്ജി ശ്രമിച്ചിരുന്നെങ്കിലും നെയ്മർ അതിനു വഴങ്ങിയിട്ടില്ല. ബാഴ്സയിലേക്കു തിരിച്ചു പോകണമെന്ന ഉറച്ച നിലപാടിലാണ് താരം. ബാഴ്സയെ സംബന്ധിച്ച് പിഎസ്ജിയുടെ തീരുമാനം ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.

You Might Also Like