മെസി ട്രാൻസ്ഫറിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമല്ലിത്, പിഎസ്‌ജി സ്പോർട്ടിങ് ഡയറക്ടർ മനസുതുറക്കുന്നു

ബാഴ്സ സൂപ്പർതാരം  ലയണൽ മെസിക്കൊപ്പം കളിക്കണമെന്ന ആഗ്രഹം പരസ്യമായി  അടുത്തിടെ  നെയ്മർ വെളിപ്പെടുത്തിയിരുന്നു. അതു  അടുത്ത സീസണിൽ സാധ്യമാകുമെന്നും   നെയ്മർ ജൂനിയർ അഭിപ്രായപ്പെട്ടിരുന്നു. മെസിയുടെ ഉറ്റസുഹൃത്തായ നെയ്മർ തന്നെ  ആ സാധ്യത വെളിപ്പെടുത്തിയതോടെ മെസി  ട്രാൻസ്ഫറുമായി ബന്ധപ്പെടുത്തി പുതിയ അഭ്യൂഹങ്ങൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.

എന്നാൽ ഈ അഭ്യൂഹങ്ങൾക്കു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പിഎസ്‌ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയോനാർഡോ. മെസിയും നെയ്മറുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചൂടൻ അഭ്യൂഹങ്ങൾക്ക് മുകളിൽ തണുത്ത വെള്ളമൊഴിച്ചു തണുപ്പിച്ചിരിക്കുകയാണ് ലിയോനാർഡോ. മെസി ട്രാൻസ്ഫറിനെക്കുറിച്ച് സംസാരിക്കേണ്ട സമയമിതല്ലെന്നാണ് ലിയോനാർഡോയുടെ പക്ഷം. ഫ്രഞ്ച് മാധ്യമമായ കനാൽ പ്ലസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലിയോനാർഡോ.

“നിങ്ങൾക്കറിയാമോ നെയ്മർ മെസിയെക്കുറിച്ച് ഒരു അർജന്റീനിയൻ മാധ്യമപ്രവർത്തകനോട് അങ്ങനെ പറഞ്ഞത് സ്വഭാവികമായൊരു കാര്യമാണ്. അവനു മെസിയെക്കുറിച്ച് സംസാരിക്കേണ്ടി വന്നു. അത് സ്വഭാവികമായ കാര്യമാണ്. ഞങ്ങൾ മറ്റുള്ളവർക്ക് ബഹുമാനം നൽകുന്നവരാണ്. അദ്ദേഹം ഒരു ബാഴ്‌സലോണ താരമാണ്. ഞങ്ങളുടെ താരത്തെക്കുറിച്ച് മറ്റൊരാൾ എന്തെങ്കിലും പറയുന്നത് ഞങ്ങൾക്ക് സന്തോഷമുണ്ടാക്കുകയില്ല.”

“അതുകൊണ്ടു തന്നെ ഞങ്ങൾ മറ്റുള്ളവരുടെ താരങ്ങളെ തൊടാൻ നിൽക്കാറില്ല. ട്രാൻസ്ഫർ ജാലകത്തേക്കുറിച്ച് ചിന്തിക്കേണ്ട സമയമല്ല ഇപ്പോൾ. ഞങ്ങൾക്ക് ഇപ്പോഴുള്ള സ്‌ക്വാഡിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങളിപ്പോൾ ഞങ്ങളുടെ സീസണെക്കുറിച്ചും അതിന്റെ ആദ്യഭാഗത്തിന്റെ അവസാനത്തേക്കുറിച്ചുമാണിപ്പോൾ ചിന്തിക്കുന്നത്. അത് വളരെയധികം സങ്കീർണമാണ്.” ലിയോനാർഡോ വ്യക്തമാക്കി

You Might Also Like