മെസിയോ റൊണാള്‍ഡോയോ മികച്ചതാരം, ഒടുവില്‍ ആ ഉത്തരം പറഞ്ഞ് റാമോസ്‌

പാരീസ്: റയല്‍മാഡ്രിഡില്‍ കളിക്കുമ്പോള്‍ ബാഴ്‌സലോണയിലെ എതിരാളിയായിരുന്ന ലയണല്‍ മെസിയുമായി പലപ്പോഴും കൊമ്പുകോര്‍ത്തിട്ടുണ്ട് സെര്‍ജിയോ റാമോസ്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം ദീര്‍ഘകാലം പന്തുതട്ടിയ സ്പാനിഷ് താരം ഇപ്പോള്‍ പി.എസ്.ജിയില്‍ മെസിയ്‌ക്കൊപ്പമാണ്. ഇരുതാരങ്ങളുടേയും പ്രകടനം അടുത്തുകണ്ടിട്ടുള്ള റാമോസ് ലോകത്തിലെ മികച്ചതാരമായി കാണുന്നത് റയലിലെ മുന്‍സഹതാരം റൊണാള്‍ഡോയെയല്ല, അര്‍ജന്റീനക്ക് ലോകകിരീടം നേടികൊടുത്ത ലയണല്‍ മെസിയെയാണ്.


ക്രിസ്റ്റിയാനോയ്ക്കൊപ്പം മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും റാമോസ് സ്വന്തമാക്കി. ലോക ഫുടബോളിലെ എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായാണ് റാമോസിനെ വിശേഷിപ്പിക്കുന്നത്. മെസിക്കൊപ്പം ഫ്രഞ്ച് ലീഗാണ് റാമോസ് നേടിയത്. ദീര്‍ഘകാലം സിആര്‍7നൊപ്പം കളിച്ചിട്ടുണ്ടെങ്കിലും പോര്‍ച്ചുഗല്‍താരത്തേക്കാള്‍ മികച്ചഫുട്‌ബോളര്‍ മെസിയാണെന്നാണ് 36കാരന്‍ പറയുന്നത്. മെസി ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരമാണ്.


മെസിക്കെതിരെ കളിച്ചപ്പോഴൊക്കെ ഏറെ പ്രായസപ്പെട്ടു. പിഎസ്ജിയില്‍ സഹതാരങ്ങളായതോടെ ആ വെല്ലുവിളി ഒഴിവായി. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനൊപ്പം എന്നും കളിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്നും റാമോസ് അഭിപ്രായപ്പെട്ടു. അടുത്തിടെ സൗദി അറേബ്യയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ സംഘവുമായി പി.എസ്.ജിയ്ക്കായി റാമോസ് ഇറങ്ങിയിരുന്നു. മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റണ്ട് ഗോള്‍ നേടിയെങ്കിലും പിഎസ്ജി ജയിക്കുകയായിരുന്നു.

2021ല്‍ പിഎസ്ജിയിലെത്തിയ റാമോസ് ഇതുവരെ 31 മത്സരങ്ങളിലാണ് ബൂട്ടുകെട്ടിയത്. രണ്ട് ഗോളുകളും നേടി. റയല്‍മാഡ്രിഡിന്റെ എക്കാലത്തേയും മികച്ചപ്രതിരോധതാരമായ റാമോസ് 469മാച്ചിലാണ് ഇറങ്ങിയത്. 72ഗോളുകളും നേടിയിട്ടുണ്ട്. ദേശീയടീമില്‍ ഇതുവരെ 180 മത്സരങ്ങളിലാണ് ഇറങ്ങിയത്. എ്‌നാല്‍ ഇത്തവണ ലോകകപ്പ് സ്‌ക്വാര്‍ഡില്‍ താരത്തെ ഉള്‍പ്പെടുത്താന്‍ പരിശീലകന്‍ ലൂയിസ് എന്റിക്വെ തയാറായിരുന്നില്ല. എന്നാല്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാത്ത 36കാരന്‍ ടീമിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ്.

 

You Might Also Like