രണ്ടാം പാദത്തിൽ ബാഴ്സക്കെതിരെ കളിച്ച കളി ബയേണിനോട് നടക്കില്ല, പിഎസ്‌ജിക്ക് മുന്നറിയിപ്പുമായി പോച്ചെട്ടിനോ

ചാമ്പ്യൻസ്‌ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിൽ ബയേണിന്റെ തട്ടകത്തിൽ വെച്ചു രണ്ടിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് പിഎസ്‌ജി. ബയേണിനായി ചൂപോ മോട്ടിങ്ങും തോമസ് മുള്ളറും ഗോൾ കണ്ടെത്തിയപ്പോൾ എംബാപ്പെയുടെ ഇരട്ട ഗോളുകളും പ്രതിരോധതാരം മാർക്കിഞ്ഞോസിന്റെ ഗോളുമാണ് പിഎസ്‌ജിക്ക് മികച്ച വിജയം സ്വന്തമാക്കാൻ സഹായിച്ചത്. നെയ്മർ ജൂനിയറിന്റെ പ്രകടനവും പിഎസ്‌ജിക്ക് നിർണായകമായി.

എന്നാൽ ഈ വിജയത്തിൽ കൂടുതൽ പ്രതീക്ഷ നൽകേണ്ടതില്ലെന്നാണ് പരിശീലകൻ പൊചെട്ടിനോയുടെ മുന്നറിയിപ്പ്. ബാഴ്സയ്ക്കെതിരെ ആദ്യപാദത്തിൽ മികച്ച വിജയം നേടാനായതു പോലുള്ള വിജയമല്ല ഇതെന്നും പൊചെട്ടിനോ ചൂണ്ടിക്കാണിച്ചു. രണ്ടാം പാദത്തിൽ ബാഴ്സ മികച്ച പ്രകടനം കാഴ്ചവെച്ചത് പോലെ ബയേണിനും അവസരമുണ്ടെന്നു പൊചെട്ടിനോ പറയുന്നു. ബാഴ്സയ്ക്കെതിരെ കളിച്ചതിനേക്കാൾ മികച്ച പ്രകടനം രണ്ടാം പാദത്തിൽ പിഎസ്‌ജി കാഴ്ചവെക്കേണ്ടി വരുമെന്നും പൊചെട്ടിനോ കൂട്ടിച്ചേർത്തു. മത്സരശേഷം നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബാഴ്സക്കെതിരായ ആദ്യപാദമത്സരത്തിന്റെ ഫലത്തിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. മുൻ‌തൂക്കം വളരെ കുറവാണ്. രണ്ടാം പാദത്തിൽ ബാഴ്സയ്ക്കെതിരെ കളിച്ചതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതാണ് ഞങ്ങളുടെ ആഗ്രഹവും. പക്ഷെ അത്തരത്തിലുള്ള ഫലം ലഭിക്കാൻ ധാരാളം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.” പൊചെട്ടിനോ പറഞ്ഞു.

മാർക്കിഞ്ഞോസിനും ഡിമരിയക്കും പരിക്കേറ്റു പുറത്തായതിനെക്കുറിച്ചും പൊചെട്ടിനോ സംസാരിക്കുകയുണ്ടായി.
“മാർക്കിഞ്ഞോസിനു തുടയിലെ മസിലിനു വേദന അനുഭവപ്പെട്ടിരുന്നു. പരിക്ക് ഗൗരവമുള്ളതാകില്ല എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അങ്ങനെയാണെങ്കിൽ വളരെ പെട്ടെന്നു താരത്തിന്റെ സേവനം ഞങ്ങൾക്ക് ലഭ്യമാവും.” പൊചെട്ടിനോ കൂട്ടിച്ചേർത്തു. ചാമ്പ്യൻസ്‌ലീഗിൽ 1994ണ് ശേഷം ആദ്യമായാണ് ബയേൺ സ്വന്തം തട്ടകത്തിൽ തോൽവിയേറ്റു വാങ്ങുന്നത്.

You Might Also Like